ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗ്, സഞ്ജയ് ദത്ത്, ആര്‍ മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദിത്യ ധര്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ഉറി-ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ ആദിത്യ ധര്‍ ഒരുക്കാന്‍ പോകുന്ന രണ്ടാം ചിത്രമാണിത്.
ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ 350 കോടി കളക്ഷന്‍ നേടുന്ന ആദ്യ പുതുമുഖ സംവിധായകനായി ആദിത്യ ധര്‍ ചരിത്രം കുറിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് റൊമാന്റിക് കോമഡിയായ ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിന് ശേഷം ശേഷം രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന അടുത്ത വമ്പന്‍ ചിത്രമാണിത്. ബോളിവുഡിലെ യുവതലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ രണ്‍വീര്‍ സിംഗിനൊപ്പം ആദിത്യ ധര്‍ കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് തന്നെ ബോളിവുഡ് വൃത്തങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിക്കുമ്പോള്‍ ഒരു വമ്പന്‍ ബോക്‌സ് ഓഫീസ് പ്രകടനം തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നതും.
സഞ്ജയ് ദത്ത്, ആര്‍ മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇത്രയും സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ വെള്ളിത്തിരയില്‍ പ്രകടന മികവിന്റെ വമ്പന്‍ രസതന്ത്രം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിന് വേണ്ടിയുള്ള തന്റെ അസാധാരണമായ കാഴ്ചപ്പാടിന്റെയും അതിശക്തമായ കഥയുടെയും പിന്‍ബലത്തിലാണ് ഇത്രയും വലിയ അഭിനേതാക്കളെ ഒരുമിച്ച് കൊണ്ടുവരാന്‍ ആദിത്യ ധറിന് കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധര്‍, ആദിത്യ ധര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തിടെ ഇവരുടെ നിര്‍മ്മാണത്തില്‍ വന്ന ‘ആര്‍ട്ടിക്കിള്‍ 370’ എന്ന ചിത്രവും സൂപ്പര്‍ വിജയം നേടിയിരുന്നു. ആദിത്യ ധര്‍- രണ്‍വീര്‍ സിങ് ടീം ഒന്നിക്കുന്ന ഈ വമ്പന്‍ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.