കൊൽക്കത്ത: ബംഗാളിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് സി.ബി.ഐ ഇന്ന് ഏറ്റെടുക്കും. കൊൽക്കത്ത ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എത്തുന്നത്. ബംഗാൾ പൊലീസിൻറെ അന്വേഷണത്തിൽ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പീഡനത്തിന് ഇരയാകുന്നതിനു മുൻപ് ക്രൂരമായ മർദനം ഏൽക്കേണ്ടിവന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായി. സംഭവത്തിൽ പ്രതിഷേധിച്ചു രാജ്യവ്യാപകമായി റസിഡൻറ് ഡോക്ടർമാർ സമരത്തിലായിരുന്നു. സംസ്ഥാന പൊലീസിന് ഈ ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സിവിക് വളണ്ടിയറായ സഞ്ജയ് റോയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.