CMDRF

പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗ കേസ്; പരാതി നല്‍കിയത് മുന്‍ വനിതാ ജനപ്രതിനിധി

പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗ കേസ്; പരാതി നല്‍കിയത് മുന്‍ വനിതാ ജനപ്രതിനിധി
പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗ കേസ്; പരാതി നല്‍കിയത് മുന്‍ വനിതാ ജനപ്രതിനിധി

ബെംഗളൂരു: ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെ പേരില്‍ വീണ്ടും പീഡനപരാതി. ഹാസനിലെ ഒരു തദ്ദേശ സ്ഥാപനത്തിലെ മുന്‍ വനിതാ ജനപ്രതിനിധി നല്‍കിയ പരാതിയില്‍ പ്രജ്ജ്വലിന്റെ പേരില്‍ പോലീസിന്റെ സി.ഐ.ഡി. വിഭാഗം കേസെടുത്തു. 2021-ല്‍ ഔദ്യോഗികാവശ്യത്തിന് പ്രജ്ജ്വലിനെ കാണാന്‍ ഹാസനിലെ എം.പി. ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്നാണ് പരാതി. മൂന്നുവര്‍ഷത്തിനിടെ പലതവണ ബലാത്സംഗംചെയ്തെന്നും പരാതിയില്‍ പറഞ്ഞു.

ഒരു ഹോസ്റ്റലില്‍ ഏതാനും പെണ്‍കുട്ടികള്‍ക്ക് സീറ്റിന് സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രജ്ജ്വലിനെ സമീപിച്ചത്. ആദ്യദിവസം തിരക്കാണെന്നുപറഞ്ഞ് പിറ്റേന്നുവരാന്‍ ആവശ്യപ്പെട്ടു. അടുത്തദിവസം ചെന്നപ്പോള്‍ സന്ദര്‍ശകരെ മുഴുവന്‍ പറഞ്ഞുവിട്ടശേഷം സംസാരിച്ചെന്നും തന്നെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറഞ്ഞു. രണ്ടാം ലൈംഗികപീഡനക്കേസാണ് പ്രജ്ജ്വലിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്തത്. നേരത്തേ, എച്ച്.ഡി. രേവണ്ണയുടെ വീട്ടിലെ മുന്‍ജോലിക്കാരിയായ 47-കാരി നല്‍കിയ പരാതിയില്‍ രേവണ്ണയെയും പ്രജ്ജ്വലിനെയും പ്രതികളാക്കി കേസെടുത്തിരുന്നു.

അതിനിടെ, രേവണ്ണയുടെ വീട്ടിലെ മുന്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എച്ച്.ഡി. രേവണ്ണയുടെ പേരില്‍ മൈസൂരു കെ.ആര്‍. നഗര്‍ പോലീസ് കേസെടുത്തു. സ്ത്രീയുടെ ഇരുപതുകാരനായ മകന്‍ നല്‍കിയ പരാതിയിലാണ് കേസ്. പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോദൃശ്യത്തിലുള്ള സ്ത്രീയാണിവരെന്നും പോലീസ് പറഞ്ഞു.

ഏപ്രില്‍ 29-ന് കെ.ആര്‍. നഗര്‍ സ്വദേശി സതീഷ് ബാബണ്ണയാണ് സ്ത്രീയെ കൂട്ടിക്കൊണ്ടുപോയതെന്ന് മകന്റെ പരാതിയില്‍ പറയുന്നു. ബാബണ്ണയെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. കേസുകളില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ മുന്‍മന്ത്രി എച്ച്.ഡി. രേവണ്ണയ്ക്ക് പ്രത്യേക അന്വേഷണസംഘം നോട്ടീസയച്ചു. ഹാജരാകാന്‍ 24 മണിക്കൂര്‍ സമയം രേവണ്ണ ആവശ്യപ്പെട്ടതായും അതനുവദിച്ചതായും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

Top