പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി; പ്രതികരിക്കാതെ എം ബി രാജേഷ്

മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ ചൂഷണം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി

പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി; പ്രതികരിക്കാതെ   എം ബി രാജേഷ്
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി; പ്രതികരിക്കാതെ   എം ബി രാജേഷ്

തിരുവനന്തപുരം: പൊലീസിലെ ഉന്നതർക്കെതിരായ ബലാത്സംഗ പരാതിയിൽ പ്രതികരിക്കാൻ തയ്യാറാവാതെ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ ചൂഷണം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പൊലീസ് ഉന്നതർ മാറിമാറിയായിരുന്നു പീഡനമെന്നും യുവതി പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിൽ പ്രതികരിക്കാനാണ് മന്ത്രി തയ്യാറാവാതിരുന്നത്.

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം രാഷ്ട്രീയലക്ഷ്യം വെച്ചിട്ടുള്ളതെന്നാണെന്ന് എം ബി രാജേഷ് പറഞ്ഞു. നാടകം ഇനിയും അരങ്ങേറുമെന്നും എം ബി രാജേഷ് പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എം ആർ അജിത് കുമാർ എന്നിവർക്കെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.

Also read: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; സുജിത് ദാസ്

പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിന്റെ സസ്‌പെൻഷൻ സംബന്ധിച്ച ചോദ്യത്തോട് അന്വേഷണം നടക്കുകയല്ലേയെന്നായിരുന്നും എം ബി രാജേഷിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പി വി അൻവറുമായുള്ള ഫോൺവിളിയെ തുടർന്നാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു.

പി വി അൻവറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Top