പൊന്നാനിയിലെ ബലാത്സംഗ പരാതി; ഇടപെട്ട് ഹൈക്കോടതി

ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉടന്‍ കേസെടുക്കണമെന്നാണ് പുതിയ ക്രിമിനല്‍ നടപടി ക്രമമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു

പൊന്നാനിയിലെ ബലാത്സംഗ പരാതി; ഇടപെട്ട് ഹൈക്കോടതി
പൊന്നാനിയിലെ ബലാത്സംഗ പരാതി; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: മലപ്പുറം പൊന്നാനിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. മലപ്പുറം എസ്പിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന് ഹൈക്കോടതി ചോദിച്ചു. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉടന്‍ കേസെടുക്കണമെന്നാണ് പുതിയ ക്രിമിനല്‍ നടപടി ക്രമമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. പൊന്നാനിയിലെ വീട്ടമ്മയുടെ ബലാത്സംഗ പരാതി അതീവഗൗരവതരമായാണ് ഹൈക്കോടതി പരിഗണിച്ചത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തുവെന്ന് പൊന്നാനി സ്വദേശിനിയായ വീട്ടമ്മ മാധ്യമങ്ങളിലൂടെയാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വീട്ടമ്മ പരാതി നല്‍കി. എന്നാല്‍ കേസെടുക്കാന്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വീട്ടമ്മ പരാതി നല്‍കി. അവിടെയും നടപടിയുണ്ടാകാതെ വന്നതോടെ വീട്ടമ്മ പരാതിയുമായി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അതിന് ശേഷം പൊലീസ് പ്രാഥമിക അന്വേഷണം നടത്തുക മാത്രമാണ് ചെയ്തത്. കേസെടുക്കാന്‍ തയ്യാറാകാതെ വന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top