CMDRF

ബലാത്സംഗ കൊലപാതകം; മുൻ പ്രിൻസിപ്പാളിന്റെ മറുപടികൾക്കെതിരെ സിബിഐ

രാവിലെ 9.58ന് തന്നെ സന്ദീപ് ഘോഷിന് മരണ വിവരം ലഭിച്ചെന്നും എന്നാൽ അദ്ദേഹം ഉടനടിയുള്ള നടപടി സ്വീകരിച്ചില്ലെന്നും സിബിഐ പറഞ്ഞു

ബലാത്സംഗ കൊലപാതകം; മുൻ പ്രിൻസിപ്പാളിന്റെ  മറുപടികൾക്കെതിരെ സിബിഐ
ബലാത്സംഗ കൊലപാതകം; മുൻ പ്രിൻസിപ്പാളിന്റെ  മറുപടികൾക്കെതിരെ സിബിഐ

കൊൽക്കത്ത: കൊൽക്കത്തയിൽ ആർ ജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രിൻസിപ്പാൾ സന്ദീപ് ഘോഷിന്റെ നുണപരിശോധനയിലെ മറുപടികൾക്കെതിരെ സിബിഐ. നുണ പരിശോധനയ്ക്കിടയിലും ശബ്ദ വിശകലനത്തിനിടയിലും സന്ദീപ് ഘോഷ് വഞ്ചനാപരമായ മറുപടി നൽകിയതായി സിബിഐ പറഞ്ഞു. രാവിലെ 9.58ന് തന്നെ സന്ദീപ് ഘോഷിന് മരണ വിവരം ലഭിച്ചെന്നും എന്നാൽ അദ്ദേഹം ഉടനടിയുള്ള നടപടി സ്വീകരിച്ചില്ലെന്നും സിബിഐ പറഞ്ഞു. പിന്നീട് സന്ദീപ് ഘോഷ് അവ്യക്തമായ പരാതി നൽകുകയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.

‘പെട്ടെന്ന് പരാതി നൽകാൻ അദ്ദേഹം തയ്യാറായില്ല. ശരീരത്തിന്റെ കീഴ്ഭാഗത്ത് വസ്ത്രമില്ലാതെ, ശരീരത്തിന്റെ പുറത്ത് മുറിവുകളോട് കൂടി അതിജീവിതയെ കണ്ടിട്ടും ആത്മഹത്യയാണെന്ന് അവതരിപ്പിച്ചു. പകൽ 10.03ന് സന്ദീപ് ഘോഷ് താല പൊലീസ് ഓഫീസർ ഇൻ ചാർജ് അഭിജിത് മൊണ്ടാലുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യുന്നത് 11.30നാണ്’, സിബിഐ പറഞ്ഞു.

10.03ന് തന്നെ വിവരം ലഭിച്ചിട്ടും കുറ്റകൃത്യം നടന്ന സ്ഥലത്ത് പെട്ടെന്ന് എത്താത്തതിന്റെ പേരിൽ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൊണ്ടാലിനെ നേരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ചെസ്റ്റ് മെഡിസിനിലെ സെമിനാർ ഹാളിൽ അതിജീവിതയെ അബോധാവാസ്ഥയിൽ കണ്ടെത്തിയെന്നാണ് ജനറൽ ഡയറിയിൽ എഴുതിയിരിക്കുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ ഒരു ഡോക്ടർ അതിജീവിതയെ പരിശോധിച്ച് മരിച്ചെന്ന് കണ്ടെത്തിയിരുന്നു.

ആശുപത്രി അധികൃതരും മറ്റുള്ളവരും ചേർന്ന് ഗൂഢാലോചന നടത്തി ജനറൽ ഡയറിയിൽ മനപ്പൂർവം തെറ്റായ വിവരങ്ങൾ നൽകിയതാണെന്നും സിബിഐ ആരോപിച്ചു. മൊണ്ടാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്ന് മാത്രമല്ല, സംഭവം നടന്ന സ്ഥലം സംരക്ഷിക്കാത്തതിനാൽ പ്രധാനപ്പെട്ട തെളിവുകൾ നശിച്ചെന്നും സിബിഐ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് അനധികൃതമായി പ്രവേശിച്ച് മുഖ്യപ്രതി സഞ്ജയ് റോയിയെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചെന്നും സിബിഐ അറിയിച്ചു. കൊൽക്കത്ത ഹൈക്കോടതിയാണ് പശ്ചിമ ബംഗാൾ പൊലീസിൽ നിന്ന് യുവ ഡോക്ടറുടെ കൊലപാതക കേസ് സിബിഐക്ക് കൈമാറിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.

Top