നോയിഡ : ഉത്തര്‍പ്രദേശിലെ നോയിഡയിലെ സൂപ്പര്‍ടെക് സൂപ്പര്‍നോവയില്‍ റേവ് പാര്‍ട്ടി നടത്തിയതിന് 35 കോളേജ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. സൂപ്പര്‍നോവയില്‍ മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാര്‍ട്ടിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളെക്കുറിച്ച് സൊസൈറ്റിയിലെ താമസക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ്, പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുകയും ഫ്ളാറ്റില്‍ നിന്ന് നിരവധി മദ്യക്കുപ്പികള്‍ കണ്ടെടുക്കുകയും ചെയ്തു. അഞ്ച് സംഘാടകര്‍ ഉള്‍പ്പെടെ 35 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥലത്ത് നിന്ന് ഹുക്കകളും വിലകൂടിയ മദ്യക്കുപ്പികളും കണ്ടെടുത്തു.
പാര്‍ട്ടി നടക്കുന്ന ഫ്ലാറ്റില്‍ നിന്ന് ആരോ മദ്യക്കുപ്പി വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് നോയിഡയിലെ സെക്ടര്‍ 94 ലെ സൂപ്പര്‍ടെക് സൂപ്പര്‍നോവ താമസക്കാര്‍ ഒത്തുകൂടുകയായിരുന്നു. തര്‍ക്കത്തിന് ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. അവിവാഹിതര്‍ക്ക് 500 രൂപയും പങ്കാളികളുമായി വരുന്നവര്‍ക്ക് 800 രൂപയുമായി പാര്‍ട്ടിക്ക് പ്രവേശന ഫീസ് ഈടാക്കിയതായി ഫ്ളാറ്റിലെ താമസക്കാര്‍ പറഞ്ഞു.