ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ 100 ടണ്‍ സ്വര്‍ണം രാജ്യത്ത് എത്തിച്ച് ആര്‍ബിഐ

ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ 100 ടണ്‍ സ്വര്‍ണം രാജ്യത്ത് എത്തിച്ച് ആര്‍ബിഐ
ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ 100 ടണ്‍ സ്വര്‍ണം രാജ്യത്ത് എത്തിച്ച് ആര്‍ബിഐ

ഡല്‍ഹി: വിദേശത്തെ ലോക്കറില്‍ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടണ്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ ഉണ്ടായിരുന്ന സ്വര്‍ണമാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വിദേശത്തെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ ഏകദേശം നാലില്‍ ഒരു ഭാഗമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഔദ്യോഗിക കണക്ക് പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കല്‍ 822.1 ടണ്‍ സ്വര്‍ണം ഉണ്ട്. ഇതില്‍ 413.8 ടണ്‍ സ്വര്‍ണം വിദേശ രാജ്യങ്ങളില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. 100.3 ടണ്‍ സ്വര്‍ണം മാത്രമാണ് ഇന്ത്യയിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. പല വിദേശ രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ളണ്ടില്‍ ആണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വിദേശത്തുള്ള സ്വര്‍ണത്തിന്റെ നല്ലൊരു പങ്കും സൂക്ഷിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ളണ്ടില്‍ ആണ്. ബാങ്ക് ഓഫ് ഇംഗ്ളണ്ടില്‍ സൂക്ഷിച്ചിരുന്നതില്‍ നിന്ന് 100 ടണ്‍ സ്വര്‍ണവും ആണ് ഇന്ത്യയില്‍ എത്തിച്ചത്.

സ്വര്‍ണം ഇന്ത്യയില്‍ എത്തിക്കുന്നതിന് ചില ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കസ്റ്റംസ് തിരുവ ഇളവ് ആണ്. രാജ്യത്തിന്റെ സ്വത്ത് എന്ന നിലയില്‍ കസ്റ്റംസ് തിരുവ പൂര്‍ണ്ണമായും കേന്ദ്രം ഒഴിവാക്കി. എന്നാല്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തുന്ന ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചില്ല. ഈ നികുതി വിഹിതം വിവിധ സംസ്ഥാനങ്ങളും ആയി കേന്ദ്രം പങ്കുവെക്കുന്നതാണ്. അതിനാലാണ് നികുതി ഇളവ് നല്‍കാത്തത്.

1991-ല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ സ്വര്‍ണം പണയംവെച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പിന്നീട് ശക്തമാകാന്‍ തുടങ്ങിയതോടെ റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങി ശേഖരിക്കാന്‍ തുടങ്ങി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഎംഎഫില്‍ നിന്ന് ഇന്ത്യ 200 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു. അതിന് ശേഷം ഓരോ വര്‍ഷവും സ്വര്‍ണം വാങ്ങി ശേഖരിക്കാന്‍ തുടങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27.5 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാങ്ങിയിരുന്നു. 2019 ല്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടായിരുന്നത് 618.2 ടണ്‍ സ്വര്‍ണം ആയിരുന്നു. 2023-ല്‍ അത് 794.6 ടണ്ണും 2024 ല്‍ 822.1 ടണ്‍ സ്വര്‍ണവും ആയി ഉയര്‍ന്നു. വാങ്ങുന്ന സ്വര്‍ണം എവിടെ സൂക്ഷിക്കും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. വിദേശത്ത് ശേഖരം കൂടിക്കൂടിവരുന്ന സാഹചര്യത്തില്‍ അതില്‍ നല്ലൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ 100 ടണ്‍ സ്വര്‍ണം ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ വിദേശത്തുള്ള കൂടുതല്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിക്കാനാണ് സാധ്യത.

Top