CMDRF

ആർസിസിയിലെ ഡാറ്റ ചോർന്നു; രോഗികളുടെ വിവരങ്ങൾ കൈവശപ്പെടുത്തി ഹാക്കർമാർ

ആർസിസിയിലെ ഡാറ്റ ചോർന്നു;  രോഗികളുടെ വിവരങ്ങൾ കൈവശപ്പെടുത്തി ഹാക്കർമാർ
ആർസിസിയിലെ ഡാറ്റ ചോർന്നു;  രോഗികളുടെ വിവരങ്ങൾ കൈവശപ്പെടുത്തി ഹാക്കർമാർ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിൽ ഒന്നാണ് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ഉണ്ടായത്. ആർസിസിയിലെ ഡാറ്റ ചോർന്നു. വിദേശ സൈബർ ഹാക്കർമാരാണ് ഡാറ്റ ചോർത്തിയത്. രോഗികളുടെ ചികിത്സാ വിവരങ്ങൾ മുഴുവൻ ഹാക്കർമാർ ചോർത്തി.

ഇരുപത് ലക്ഷത്തോളം രോഗികളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പടെ ഹാക്കർമാർ കൈവശപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഏപ്രിൽ 28-നാണ് ആർസിസിയിലെ സെർവറുകൾ ഹാക്ക് ചെയ്യപ്പെട്ടത്. 14 സെർവറുകളിൽ 11-ലും ഹാക്കർമാർ കടന്നുകയറി. ഇ-മെയിൽ വഴിയാണ് ഹാക്കർമാർ ആർസിസിയുടെ നെറ്റ് വർക്കിലേക്ക് പ്രവേശിച്ചത്.

സൈബർ ആക്രമണത്തിൽ റേഡിയേഷൻ വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിച്ചു. ഡാറ്റകൾ തിരിച്ച് നൽകാൻ 100 മില്ല്യൺ അമേരിക്കൻ ഡോളറാണ് ഹാക്കർമാർ ആവശ്യപ്പെട്ടത്. ആർസിസി ഡയറക്ടർ ഡോ. രേഖ നായരുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര രഹസ്യാനേഷണ വിഭാഗവും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി ടീമും സമാന്തരമായി ഡാറ്റാ മോഷണം അന്വേഷിക്കുന്നുണ്ട്. ഹാക്കർമാരെ കുറിച്ച് ചില സൂചനകൾ ലഭിച്ചതായാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. 2022-ൽ ദില്ലിയിലെ എയിംസിലും സമാനമായി ഡാറ്റാ മോഷണം നടന്നിരുന്നു.

അതേസമയം ചികിത്സാ വിവരങ്ങൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ തിരിച്ചെടുത്തതായി ആർസിസി അധികൃതർ അറിയിച്ചു. ആർസിസിയിലെ സൈബർ ആക്രമണത്തെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡാറ്റാ മോഷണത്തിന് പിന്നിൽ മരുന്ന് കമ്പനികൾക്ക് പങ്കാളിത്തമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

Top