മാഡ്രിഡ്: ലാലിഗയിൽ റയൽ മാഡ്രിഡും അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോര് നാടകീയതകൾക്ക് ഒടുവിൽ സമനിലയിൽ സമാപനം. അത്‍ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിലെ പോരാട്ടത്തിൽ എയ്ഞ്ചൽ കൊറിയയുടെ ഗോൾ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ആവേശം തീർത്തു. ഇതിനിടെ റയൽ ഗോൾകീപ്പർ തിബോ കുർട്ടോക്ക് നേരെ കാണികൾ പാഴ്വസ്തുക്കൾ എറിഞ്ഞതോടെ 20 മിനിറ്റോളം കളി തടസ്സപെട്ടു.
ഒമ്പതാം മിനിറ്റിൽ ജൂലിയൻ അൽവാരസ് റയൽ ഗോൾമുഖത്ത് ഭീതി വിതച്ചെങ്കിലും ഷോട്ട് ഗോൾകീപ്പർ തിബോ കുർട്ടോ അവ നിഷ്പ്രഭമാക്കി. റയലിന്റെ നിരന്തര ഗോൾശ്രമങ്ങൾ വാൽവെർഡെയുടെ ഷോട്ട് അത്‍ലറ്റിക്കോ ഗോൾകീപ്പർ ജോൺ ഒബ്ലാക് മുഴുനീള ഡൈവിലൂടെ വഴി തെറ്റിച്ചു. ഷുവാമെനിയുടെയും ബെല്ലിങ്ഹാമിന്റെയും റോഡ്രിഗോയുടെയുമെല്ലാം ശ്രമങ്ങളും വിഫലമായി.64ാം മിനിറ്റിൽ അക്കൗണ്ട് തുറന്ന റയൽ അവർക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലൂക മോഡ്രിച്ച് വിനീഷ്യസിന് കൈമാറിയപ്പോൾ താരത്തിന്റെ സൂപ്പർ ക്രോസ് കാത്തുനിന്ന എഡർ മിലിട്ടാവോ ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ചു.
Also Read: നിറം മാറ്റത്തിൽ പ്രതിഷേധം; പഴയ പ്രൊഫൈലിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്
നിർത്തിവെച്ച കളി പുനരാരംഭിച്ചയുടൻ വിനീഷ്യസിന്റെ നീക്കം റയലിന്റെ ലീഡ് ഇരട്ടിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ഷോട്ട് അത്‍ലറ്റികോ ഗോൾകീപ്പർ വഴിതിരിച്ചുവിട്ടു. പിന്നാലെ അത്‍ലറ്റികോയുടെ സമാന നീക്കം റയൽ ഗോൾകീപ്പറും അത്യുജ്വല മെയ്‍വഴക്കത്തോടെ കുത്തിത്തെറിപ്പിച്ചു. ഗ്രീസ്മാന്റെ ഫ്രീകിക്ക് ക്രോസ്ബാറിലുരുമ്മി പുറത്തായതും റയൽ നിരയിൽ ആശ്വാസം പകർന്നു.
എന്നാൽ, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഹാവി ഗലാൻ നൽകി പാസിൽനിന്ന് എയ്ഞ്ചൽ കൊറിയ റയൽ വലയിൽ പന്തെത്തിച്ചു. റയൽ താരങ്ങൾ ഓഫ്സൈഡ് വാദമുയർത്തിയെങ്കിലും വി.എ.ആർ പരിശോധനയിൽ ഗോളുറപ്പിച്ചു. കളി അവസാനിക്കാനിരിക്കെ എതിർ താരത്തെ മാരകമായി ഫൗൾ ചെയ്തതിന് അത്‍ലറ്റികോ താരം മാർകോസ് ലോറന്റെ ചുവപ്പ് കാർഡ് വാങ്ങി പുറത്താകുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു.