ദില്ലി: ഏറെ ആകാംക്ഷ സൃഷ്ടിച്ച റിയല്‍മീ 13 പ്രോ 5ജി സിരീസ് ജൂലൈ 30ന് ഇന്ത്യയില്‍ പുറത്തിറക്കും. ഇതിന് മുന്നോടിയായി ഫോണിന്റെ ക്യാമറയടക്കമുള്ള നിര്‍ണായകമായ ചില വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു. എഐ ഫീച്ചറുകളുള്ള ക്യാമറയാണ് പുറത്തുവന്ന വിവരങ്ങളിലെ ഏറ്റവും ആകര്‍ഷണം. റിയല്‍മീ 13 പ്രോ, റിയല്‍മീ 13 പ്രോ പ്ലസ് എന്നീ 5ജി സ്മാര്‍ട്ട്ഫോണുകളാണ് ഈ മാസം അവസാനം ഇന്ത്യയിലെത്തുന്നത്. ഫോണിനെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ മുമ്പ് ലീക്കായിരുന്നു. റിയല്‍മീ 13 ഫൈവ്ജി സിരീസ് ഇന്ത്യയില്‍ പുറത്തിറക്കും മുമ്പ് ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സവിശേഷതകളോടെ വരുന്ന അള്‍ട്രാ ക്ലിയര്‍ ക്യാമറയാണ് റിയല്‍മീ 13 സിരീസ് സ്മാര്‍ട്ട്ഫോണുകളുടെ ഒരു സവിശേഷത.
ബ്രാന്‍ഡിന്റെ ചരിത്രത്തിലാദ്യമായി നിര്‍മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള ഹൈപ്പര്‍ഇമേജ്+ എന്ന പുത്തന്‍ ക്യാമറ ഫീച്ചറാണ് ഈ ഫോണുകളില്‍ റിയല്‍മീ അവതരിപ്പിക്കുന്നത്. ഏറ്റവും കൃത്യമായി പ്രകാശവും നിഴലും വരുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ സാങ്കേതികവിദ്യ ഉപകരിക്കും എന്നാണ് റിയല്‍മീയുടെ അവകാശവാദം. റിയല്‍മീ 13 പ്രോ പ്ലസ് 5ജി മൂന്ന് നിറങ്ങളിലുള്ള വേരിയന്റുകളാണ് വിപണിയില്‍ എത്തിക്കുന്നത്. 50 എംപിയുടെ രണ്ട് സെന്‍സറുകള്‍ ഉള്‍പ്പെടുന്ന ഇരട്ട ക്യാമറയാണ് പിന്‍ഭാഗത്ത് വരിക. ഇതിലൊന്ന് 3x ഒപ്റ്റിക്കല്‍ സൂം കപ്പാസിറ്റിയോടെ പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറയാണ്.
റിയല്‍മീ 13 പ്രോ സിരീസ് 5ജി മോഡലുകളില്‍ 6.7 ഇഞ്ചിന്റെ അമോല്‍ഡ് ഡിസ്പ്ലെയാണ് വരിക എന്നാണ് സൂചന. സ്നാപ്ഡ്രാഗണ്‍ 7എസ് ജനറേഷന്‍ 3 ചിപ്സെറ്റില്‍ ആന്‍ഡ്രോയ്ഡ് 14 പ്ലാറ്റ്‌ഫോമിലായിരിക്കും ഈ ഫോണ്‍ മോഡലുകളെല്ലാം. എന്നാല്‍ ക്യാമറ, ബാറ്ററി എന്നിവയില്‍ രണ്ട് മോഡലുകളിലും നേരിയ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇരു മോഡലുകളെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം.