CMDRF

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ റെക്കോഡ് കുതിപ്പ്

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ റെക്കോഡ് കുതിപ്പ്
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ റെക്കോഡ് കുതിപ്പ്

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. 2024ലെ ആദ്യ പാദത്തിലെ യാത്രക്കാരുടെ എണ്ണം വിമാനത്താവളത്തിലെ പാദവാര്‍ഷിക കണക്കുകളെ മറികടന്നതായി എച്ച്.ഐ.എ അറിയിച്ചു. 2023ല്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ എല്ലാ റെക്കോഡുകളും മറികടക്കുന്നതാണ് പുതിയ കണക്കുകള്‍. 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ യാത്രക്കാരുടെ എണ്ണത്തില്‍ 27.6 ശതമാനം വർദ്ധനവ്. വിമാനങ്ങളുടെ സഞ്ചാരത്തിലും ചരക്ക് നീക്കത്തിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.

വിമാനങ്ങളുടെ സഞ്ചാരത്തില്‍ 23.9 ശതമാനം വര്‍ധനവാണുണ്ടായത്. ചരക്ക് നീക്കത്തില്‍ 15.4 ശതമാനവും വര്‍ധിച്ചു. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളിലായി ഹമദ് വിമാനത്താവളം വഴി 1.31 കോടി പേരാണ് യാത്ര ചെയ്തത്. ജനുവരിയില്‍ 45 ലക്ഷവും ഫെബ്രുവരിയില്‍ 43 ലക്ഷവും മാര്‍ച്ചില്‍ 42 ലക്ഷവും യാത്രക്കാര്‍ ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തു. ഇക്കാലയളവില്‍ ആകെ 69,959 വിമാനങ്ങളാണ് വിമാനത്താവളത്തിലെത്തിയത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യഥാക്രമം 23996, 22736, 23227 വിമാനങ്ങള്‍ ഇവിടെയെത്തി.

ആഗോള കണക്ടിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്താനും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിഞ്ഞു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 188 കാര്‍ഗോ, പാസഞ്ചര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നും സർവ്വീസ് നടത്തി. കൂടാതെ 48 എയര്‍ലൈനുകളുടെ ശൃംഖലയെയും ഇവിടെ നിന്ന് ബന്ധിപ്പിക്കുന്നുണ്ട്. ആദ്യ പാദത്തില്‍ 44 എണ്ണമായിരുന്നുവെങ്കില്‍ പിന്നീട് നാല് എയര്‍ലൈനുകള്‍ കൂടി ശൃംഖലയില്‍ പങ്കാളികളായെന്ന് വിമാനത്താവളം അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഈയിടെ ഹമദിനെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡിന് തിരഞ്ഞെടുത്തിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിങ് കേന്ദ്രമായും തുടര്‍ച്ചയായി 10ാം തവണ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Top