ഡൽഹി: ആർഎംഎൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട മലയാളികൾ അടക്കമുള്ള 42 നഴ്സുമാരെ തിരികെ നിയമിക്കണമെന്ന ഡൽഹി ഹൈക്കോടതി വിധി നടപ്പാക്കാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം. വിധി വന്ന് എഴുപത്തിയഞ്ച് ദിവസമായിട്ടും അനങ്ങാപ്പാറനയമാണ് ആരോഗ്യമന്ത്രാലയം സ്വീകരിക്കുന്നതെന്ന് നഴ്സുമാർ പറഞ്ഞു.
ആർഎംഎൽ ആശുപത്രിയിൽ പതിനാല് വർഷം താൽകാലികമായി ജോലി ചെയ്തിരുന്ന നഴ്സുമാരെ രണ്ട് വർഷം മുൻപാണ് അധികൃതർ പിരിച്ചുവിട്ടത്. അതേസമയം കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തിരുന്ന നഴ്സുമാരെ പിരിച്ചുവിട്ടത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പിന്നാലെ കോടതിയെ സമീപിച്ച് നഴ്സുമാർ അവർക്ക് അനൂകൂലമായ വിധി നേടി. ആരോഗ്യമന്ത്രാലയ നടപടി തെറ്റാണെന്നും കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തവരെ പിരിച്ചുവിട്ടനടപടി റദ്ദാക്കുകയാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. ആർഎംഎല്ലിലോ ദില്ലിയിൽ കേന്ദ്രത്തിന്റെ കീഴിലുള്ള മറ്റു ആശുപത്രിയിലോ നിയമനം നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ വിധി നടപ്പാക്കാതെ കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്ന് നഴ്സുമാർ പറയുന്നു.
Also Read: പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം, 25ന് അവിശ്വാസ പ്രമേയം
നിലവിൽ 120 നഴ്സിംഗ് തസ്തികയാണ് ആർഎംഎല്ലിൽ ഒഴിവുള്ളത്. നിയമനം ഇതിലേക്ക് നടത്തണമെന്നാണ് ആവശ്യം. കോടതി ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഉടൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജിഫയൽ ചെയ്യാനാണ് നഴ്സുമാരുടെ തീരുമാനം.