CMDRF

ദക്ഷിണ കന്നഡയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ബെംഗളൂരു: കർണ്ണാടകയിലെ കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മംഗളുരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, മുംബൈയിലെ തീരദേശ ജില്ലകളിലും പടിഞ്ഞാറന്‍ മഹാരാഷ്ട്ര, വിദര്‍ഭ എന്നിവിടങ്ങളിലും തിങ്കളാഴ്ച്ച പെയ്ത കനത്ത മഴ വ്യാപക നാശനഷ്ട്ടമുണ്ടാക്കിയിരുന്നു. ശക്തമായ മഴയ്ക്ക് പിന്നാലെ അന്ധേരി സബ് വേ അടച്ചു. മുംബൈയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒഴുകി പോയി. ട്രെയിന്‍, വിമാന ഗതാഗതവും താറുമാറായിട്ടുണ്ട്.

താനെ, കുര്‍ള, ഘാട്കോപ്പര്‍, വസായ്, മഹദ് , ചിപ്ലൂണ്‍ , കോലാപൂര്‍, സാംഗ്ലി, സത്താറ, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മുംബൈയിലും നവി മുംബൈയിലും താനെയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുംബൈ യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Top