അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ്

അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ്
അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ്

അബുദാബി: അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ്. അബുദാബിയിൽ നടന്ന സൗദി സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. എതിര്‍താരത്തെ കൈമുട്ട് കൊണ്ട് ഇടിച്ചിട്ടതിനാണ് താരത്തിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ പരാജയം വഴങ്ങുകയും ചെയ്തു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഒറ്റാവിയോ അല്‍ നസറിന് വേണ്ടി ലീഡെടുത്തെന്നാണ് കരുതിയത്. എന്നാല്‍ റഫറി റൊണാള്‍ഡോയ്ക്കെതിരെ ഓഫ്സൈഡ് വിളിക്കുകയും ഗോള്‍ നിഷേധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് റഫറിയോട് കയര്‍ത്തതിന് റൊണാള്‍ഡോയ്ക്ക് യെല്ലോ കാര്‍ഡ് ലഭിച്ചു.പിന്നീട് രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് അല്‍ ഹിലാല്‍ മുന്നിട്ടുനിന്നു. 86-ാം മിനിറ്റില്‍ എതിര്‍താരത്തെ പിടിച്ചുതള്ളിയതിനും കൈമുട്ട് കൊണ്ട് ഇടിച്ചിട്ടതിനും റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ് ലഭിച്ചു. കാര്‍ഡ് ലഭിച്ച ശേഷവും റൊണാള്‍ഡോ റഫറിക്ക് നേരെ മുഷ്ടി ഉയര്‍ത്തുകയും ചെയ്തു. റൊണാള്‍ഡോ പുറത്തുപോയതിന് ശേഷമാണ് സാദിയോ മാനെ അല്‍ നസറിന്റെ ഏകഗോള്‍ നേടിയത്.

മത്സരത്തില്‍ 61-ാം മിനിറ്റില്‍ സലീം അല്‍ദൗസാരിയും 72-ാം മിനിറ്റില്‍ മാല്‍ക്കോമുമാണ് അല്‍ ഹിലാലിനായി വല കുലുക്കിയത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ സാദിയോ മാനെ അല്‍ നസറിന്റെ ആശ്വാസ ഗോള്‍ നേടി. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ പിന്നിലായിരുന്നപ്പോഴാണ് റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ് ലഭിക്കുന്നത്.

Top