കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തെ കീഴ്മേൽ മറിച്ച ഗ്രാമത്തിൻ്റെ പേരാണ് നന്ദിഗ്രാം. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ മമത ബാനർജി ഉപയോഗിച്ച ഏറ്റവും ശക്തമായ ആയുധത്തിൻ്റെ പേര്. നന്ദിഗ്രാം ഉണ്ടാക്കിയ കൊടുങ്കാറ്റിൽ കടപുഴകി വീണ സി.പി.എമ്മിന് നിലവിൽ ഒരു സീറ്റ് പോലും ബംഗാൾ നിയമസഭയിൽ ഇല്ല. നന്ദിഗ്രാമിലെ പാപക്കറ വേട്ടയാടിക്കൊണ്ടിരുന്ന സി.പി.എം തിരിച്ചുവരവിൻ്റെ സൂചനകൾ കാണിച്ചു തുടങ്ങുന്നുണ്ട്. വീണ്ടും നന്ദിഗ്രാമിൻ്റെ തെരുവുകളിൽ ബംഗാളിൻ്റെ പഴയ ആ ചുവപ്പൻ കൊടി പാറി പറക്കുന്നു. ഗ്രാമങ്ങൾ തോറും ഇൻക്വിലാബിൻ്റെ മുഴക്കം.
വിഷ്ണുപുർ, ബാങ്കുറ, ജാർഗ്രാം, താംലുക്ക് എന്നിങ്ങനെ നാലിടത്ത് സിപിഐഎമ്മും മെദിനിപുരിൽ സിപിഐയും മത്സരിക്കുന്നു. ധാരണയനുസരിച്ച് പുരുളിയയിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നു.
ശക്തമായ ത്രികോണമത്സരമാണ് എല്ലാ മണ്ഡലങ്ങളിലും അരങ്ങേറുന്നത്. തുടക്കത്തിൽ ഇടതുമുന്നണിയെ തഴഞ്ഞിരുന്ന മാധ്യമങ്ങൾ അവരുടെ മുന്നേറ്റം ഇപ്പോൾ എടുത്തു കാട്ടുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തമായ പോരാട്ടമാണ് സിപിഐഎമ്മും ഇടതുമുന്നണിയും കാഴ്ചവയ്ക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.