മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ദഹാനു മണ്ഡലത്തില്‍ ചെങ്കൊടിപാറിച്ച് സിപിഐ എം. തിളക്കമാർന്ന വിജയമാണ് 5133 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിനോദ് നിക്കോള നേടിയത്. ബിജെപിയുടെ സ്ഥാനാർഥി വിനോദ് സുരേഷ് മേധയെ പിന്നിലാക്കിയാണ് വിനോദ് നിക്കോളയുടെ വിജയം. 104702 വോട്ടാണ് വിനോദ് നേടിയത്.
സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റാണ് ദഹാനു. മണ്ഡലത്തിലെ തലസാരി പഞ്ചായത്ത് 58 വർഷമായി സിപിഐ എം ഭരണത്തിലാണ്. 2019ൽ 4,707 വോട്ടിനാണ് ബിജെപിയെ നിക്കോളെ പരാജയപ്പെടുത്തിയത്. ദഹാനു നഗരമേഖല ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശമാണ്. എന്നാൽ തലസാരി തഹസിൽ ഉൾപ്പെടെ ആദിവാസിമേഖലകളിൽ സിപിഐ എമ്മിന് ശക്തമായ പിന്തുണയുള്ള പ്രദേശങ്ങളാണ്.
വൈദ്യുതി, വെള്ളം, റേഷൻ, ആരോഗ്യ സംരക്ഷണം, സ്‌കൂളുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ദഹാനുവിൽ നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയായ നിക്കോള മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാർഥിയാണ്.