ഒഡീഷയിലും രാജസ്ഥാനിലും ചെങ്കൊടി പാറി; സി.പി.എമ്മിന് നാല് സീറ്റിന്റെ തിളക്കമാര്‍ന്ന നേട്ടം

ഒഡീഷയിലും രാജസ്ഥാനിലും ചെങ്കൊടി പാറി; സി.പി.എമ്മിന് നാല് സീറ്റിന്റെ തിളക്കമാര്‍ന്ന നേട്ടം

ഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് നേടിയ സി.പി.എം രാജസ്ഥാനിലെ ബി.ജെ.പി സിറ്റിങ് സീറ്റിലടക്കം വിജയിച്ച് 4 സീറ്റുമായി തിളക്കമാര്‍ന്ന നേട്ടത്തില്‍. രാജസ്ഥാനിലെ സിക്കാറില്‍ അമ്രാറാം 72896 വോട്ടിന്റെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി.ജെ.പി സിറ്റിങ് എം.പിയും സന്യാസിയുമായി സുമേന്ദ്രനാഥ് സരസ്വതിയെയാണ് പരാജയപ്പെടുത്തിയത്. ഇന്ത്യാ സഖ്യത്തിലായിരുന്നു സിക്കാറില്‍ സി.പി.എമ്മിന്റെ മത്സരം. നാലുതവണ രാജസ്ഥാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക പോരാളിയാണ് അമ്രാറാം. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുമേന്ദ്രനാഥ് സരസ്വതി 2,97,156 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോണ്‍ഗ്രസിനായിരുന്നു രണ്ടാം സ്ഥാനം. ഇത്തവണ ഇന്ത്യാസഖ്യത്തില്‍ കോണ്‍ഗ്രസ് സി.പി.എമ്മിന് സീറ്റ് നല്‍കുകയായിരുന്നു. ഇവിടെയാണ് അമ്രാറാം ചരിത്രവിജയം നേടിയത്.

തമിഴ്നാട്ടില്‍ ഇന്ത്യാ സഖ്യത്തില്‍ രണ്ട് സീറ്റിലാണ് സിപി.എം വിജയിച്ചത്. ഡിണ്ടിഗലിലും, മധുരയിലും. സിപി.എം ജില്ലാ സെക്രട്ടറി ആര്‍. സച്ചിതാനന്ദമാണ് ഡിണ്ടിഗലില്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. രണ്ടു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് വിജയം. കഴിഞ്ഞ തവണ അഞ്ചര ലക്ഷത്തോളം വോട്ടുകള്‍ക്ക് ഡി.എം.കെ വിജയിച്ച മണ്ഡലമായിരുന്നു ഇത്. കോയമ്പത്തൂരിലെ സി.പി.എം സീറ്റ് ഡി.എം.കെ എടുത്ത് പകരം ഡിണ്ടിഗല്‍ കൈമാറുകയായിരുന്നു.

മധുരയില്‍ എസ് വെങ്കടേശനും രണ്ട് ലക്ഷത്തോളം വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചു. കേരളത്തിലെ ആലത്തിയൂരില്‍ കെ. രാധാകൃഷ്ണന്‍ 20111 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസിലെ രമ്യഹരിദാസ് ഒന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തിലാണ് രാധാകൃഷ്ണന്റെ അട്ടിമറി വിജയം. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെനായി മണ്ഡലത്തില്‍ നിന്നും സി.പി.എം സിറ്റിങ് എം.എല്‍.എ ലക്ഷ്മണ്‍ മുണ്ട ഹാട്രിക് വിജയം നേടി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒന്നും തമിഴ്നാട്ടില്‍ രണ്ടുമായി മൂന്ന് എം.പിമാരായിരുന്നു സി.പി.എമ്മിന്. ഇത്തവണ ഇരു സംസ്ഥാനങ്ങളിലെയും സീറ്റുകള്‍ നിലനിര്‍ത്തുകയും രാജസ്ഥാനില്‍ ബി.ജെ.പി കോട്ടയില്‍ ചെങ്കൊടി പാറിച്ച് 4 സീറ്റ് നേടുകയും ചെയ്തു.

Top