പ്രമുഖ സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ റെഡ്‌മി നോട്ട് 14 പ്രോ സിരീസ് കഴിഞ്ഞ ആഴ്‌ച ചൈനയില്‍ അവതരിപ്പിച്ചിരുന്നു. വൈകാതെ ഈ സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയടക്കമുള്ള ആഗോള വിപണിയിലേക്ക് എത്തുമെനാണ് റിപ്പോർട്ടുകൾ. റെഡ്‌മി നോട്ട് 14 പ്രോ സിരീസിന്‍റെ ഗ്ലോബല്‍ ലോഞ്ചിനെ കുറിച്ച് ഷവോമി യാതൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹൈപ്പര്‍ഒഎസ് കോഡിലെ വിവരങ്ങള്‍ നല്‍കുന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
ഹൈപ്പര്‍ഒഎസില്‍ റെഡ്‌മി നോട്ട് 14 പ്രോ, റെഡ്‌മി നോട്ട് 14 പ്രോ+ എന്നീ മോഡലുകളാണ് വരാനിരിക്കുന്നത്. ഇവയില്‍ റെഡ്‌മി നോട്ട് 14 പ്രോ+ 200 മെഗാപിക്‌സലിന്‍റെ പ്രൈമറി സെന്‍സറോടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റോടെയാണ് വരിക എന്നാണ് സൂചന. സാംസങിന്‍റെ S5KHP3 സെന്‍സറിലുള്ളതാണ് 200 എംപി ക്യാമറ. 50 എംപിയുടെ ടെലിഫോട്ടോ ലെന്‍സും ഫോണില്‍ പ്രതീക്ഷിക്കുന്നു. സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 3 എസ്‌ഒസി പ്രൊസസറിലായിരിക്കും റെഡ്‌മി നോട്ട് 14 പ്രോ+ വരിക. ചൈനയില്‍ പുറത്തിറങ്ങിയ അതേ 1.5കെ റെസലൂഷനിലുള്ള 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയും സമാനമായിരിക്കും.
റെഡ്‌മി നോട്ട് 14 പ്രോ വേരിയന്‍റും 200 എംപി സാംസങ് S5KHP3 സെന്‍സറോടെയാണ് വിപണിയിലെത്തുക. എട്ട് മെഗാപിക്‌സലിന്‍റെ സോണി IMX355 അള്‍ട്രാ വൈഡ്-ആംഗിള്‍ സെന്‍സറും 2 എംപിയുടെ OV02B10 മാക്രോ സെന്‍സറും പ്രതീക്ഷിക്കുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 7300 അള്‍ട്രാ ചിപ്സെറ്റും 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയും പ്രതീക്ഷിക്കുന്നു. 5,500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയില്‍ 45 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗാണ് ചൈനയില്‍ പുറത്തിറങ്ങിയ റെഡ്‌മി നോട്ട് 14 പ്രോ, റെഡ്‌മി നോട്ട് 14 പ്രോ+ സ്മാര്‍ട്ട്ഫോണുകളിലുണ്ടായിരുന്നത്.