റെഡ്മിയുടെ സൂപ്പര്‍ ടാബ്ലറ്റ് ഇന്ത്യന്‍ വിപണിയിലേക്ക്

റെഡ്മിയുടെ സൂപ്പര്‍ ടാബ്ലറ്റ് ഇന്ത്യന്‍ വിപണിയിലേക്ക്
റെഡ്മിയുടെ സൂപ്പര്‍ ടാബ്ലറ്റ് ഇന്ത്യന്‍ വിപണിയിലേക്ക്

ദില്ലി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റെഡ്മിയുടെ ടാബ്ലറ്റായ ‘റെഡ്മി പാഡ് പ്രോ’ ഈ മാസം അവസാനം ഇന്ത്യന്‍ വിപണിയിലെത്തും എന്ന് റിപോര്‍ട്ടുകള്‍. റെഡ്മി 13 5ജി പുറത്തിറക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. റെഡ്മി പാഡ് പ്രോ മെയ് മാസം ചൈനയില്‍ അവതരിച്ചിരുന്നു. ചൈനയിലെ സമാന ഫീച്ചറുകളുള്ള ടാബ്ലറ്റാണോ ഇന്ത്യന്‍ വിപണിയിലേക്ക് വരിക എന്ന് വ്യക്തമല്ല. ഹൈപ്പര്‍ഒഎസില്‍ വരുന്ന ഏറ്റവും പുതിയ ടാബ്ലറ്റാണ് റെഡ്മി പാഡ് പ്രോ.

ചൈനയിലെ റെഡ്മി പാഡ് പ്രോയ്ക്ക് 2560×1600 റെസലൂഷനിലുള്ള 12.1 ഇഞ്ച് എല്‍സിഡി ഡിസ്പ്ലെയാണുള്ളത്. 249 പിപിഐയാണ് പിക്സല്‍ ഡെന്‍സിറ്റി. ഗോറില്ല ഗ്ലാസ് 3 സംരക്ഷണത്തില്‍ വരുന്ന റെഡ്മി പാഡ് പ്രോയ്ക്ക് സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 2 പ്രൊസസറാണുള്ളത്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമായിരുന്നു ചൈനയിലിറങ്ങിയ അടിസ്ഥാന മോഡലിന്റെ കപ്പാസിറ്റി. 1.5 ടിബി വരെ സ്റ്റോറേജുള്ള ടാബും ലഭ്യമായിരുന്നു. ഷവോമിയുടെ തന്നെ ഹൈപ്പര്‍ഒഎസില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു റെഡ്മി പാഡ് പ്രോ. എട്ട് മെഗാപിക്സലിന്റെ പിന്‍ക്യാമറയും മുന്‍ക്യാമറയുമാണ് റെഡ്മി പാഡ് പ്രോയ്ക്കുള്ളത്. പ്രധാന ക്യാമറയില്‍ 30 ഫ്രെയിം പെര്‍ സെക്കന്‍ഡില്‍ 1080 ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാം. 10000 എംഎഎച്ചിന്റെ ബാറ്ററിയാണ് ചൈനീസ് മോഡലിനുണ്ടായിരുന്നത്. 33 വാട്സിന്റെ ടൈപ്പ് സി ചാര്‍ജറാണ് ടാബിനുണ്ടായിരുന്നത്.

വൈഫൈ 6, ബ്ലൂടൂത്ത് 5.2 , വൈഫൈ ഡയറക്ട്, യുഎസ്ബി 2.0 എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍. ചൈനയിലെ റെഡ്മി പാഡ് പ്രോയില്‍ നിന്ന് വിലയിലും ഫീച്ചറുകളിലും വ്യത്യാസം ഇന്ത്യന്‍ മോഡലിനുണ്ടാകുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

Top