കൊച്ചി: ജാതിയും മതവും നോക്കാതെ വലിയൊരു വിഭാഗം ബിജെപിക്ക് ഒപ്പം നിൽക്കാൻ തയ്യാറായെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. ഇത് തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാൻ കഴിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി കൊച്ചിയിലെത്തിയത്.
ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയിൽ തുടരുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനവും വയനാട് ഉപതെരഞ്ഞെടുപ്പുമാണ് മുഖ്യ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനക്രമീകരണത്തിനെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃയോഗത്തിൽ രംഗത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിയാണ് എൽഡിഎഫ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി എത്തുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി ആരാകണം എന്നതിലാണ് സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ചൂടേറിയ ചർച്ച നടക്കുന്നത്.
കരുവന്നൂർ വിഷയത്തിൽ ബിജെപി നടത്തിയ സമരം വിജയം കണ്ടു തുടങ്ങിയെന്ന് അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സഹകരണ കൊള്ളയാണ് സിപിഎം നടത്തുന്നത്. സിപിഎമ്മിന്‍റെ പല ജില്ലാ സെക്രട്ടറിമാർക്കെതിരെയും നടപടി ഉണ്ടാകും. പിണറായി വിജയനുൾപ്പെടെയുള്ളവർ അഴിമതികൾക്കുത്തരം നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.