അബ്ദുള്‍ റഹീമിന്റെ മോചനം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

അബ്ദുള്‍ റഹീമിന്റെ മോചനം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
അബ്ദുള്‍ റഹീമിന്റെ മോചനം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

സൗദി അറേബ്യ: സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റഹീം സഹായ സമിതി അംഗങ്ങളും റിയാദ് ഗവര്‍ണറേറ്റിലെത്തി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പണം നല്‍കാനുള്ള മാര്‍ഗനിര്‍ദേശം തേടിയാണ് അംഗങ്ങള്‍ ഗവര്‍ണറേറ്റില്‍ എത്തിയത്.

മരിച്ച സൗദി പൌരന്റെ കുടുംബത്തിന് നല്‍കാനുള്ള ദയാധനമായ 15 മില്യണ്‍ റിയാല്‍ (34 കോടി രൂപ) കൈമാറുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം തേടിയാണ് സഹായസമിതിയും എംബസി ഉദ്യോഗസ്ഥരും റിയാദ് ഗവര്‍ണറേറ്റില്‍ എത്തിയത്. പണം സര്‍ട്ടിഫൈഡ് ചെക്ക് ആയി നേരിട്ട് കുടുംബത്തിന് നല്‍കണോ, അതോ കോടതിയുടെ അക്കൌണ്ടിലേക്ക് നല്‍കണോ എന്ന നിര്‍ദേശം ഗവര്‍ണറേറ്റ് നല്‍കും.

നിര്‍ദേശം വന്നാല്‍ ഉടന്‍ തന്നെ നാട്ടില്‍ സമാഹരിച്ച 15 മില്യണ്‍ റിയാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറും. തുടര്‍ന്ന് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ സൗദിയിലെ ഇന്ത്യന്‍ എംബസി തുക സെര്‍ട്ടിഫൈഡ് ചെക്കായി ഗവര്‍ണറേറ്റ് നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്കും നല്‍കും. ഇതോടെ മോചനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പ്രധാന ഘട്ടം പൂര്‍ത്തിയാകും. പണം കൈമാറിയ ശേഷം ഇരു വിഭാഗത്തിന്റെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നായിരിക്കും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതും മോചനത്തിനുള്ള ഉത്തരവിടുന്നതും.

Top