CMDRF

വയനാടിന് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ

വയനാടിന് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ
വയനാടിന് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ

വയനാട്: ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

പാൽ, പഴങ്ങൾ തുടങ്ങിയ പോഷക ആഹാരങ്ങൾ, അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് അവശ്യ സാധനങ്ങൾ എന്നിവ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വിതരണം ചെയ്യും. വെള്ളം, ടോയ്‌ലറ്ററികൾ, അവശ്യ ശുചിത്വ വസ്തുക്കൾ, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കും.

വീട് നഷ്‌ടമായ കുടുംബങ്ങളെ ദൈനംദിന ജീവിതം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് താൽക്കാലിക ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവ നൽകുമെന്നും റിലയൻസ് അറിയിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്‍റെ ദുരന്ത നിവാരണ സംഘം, സംസ്ഥാന അധികാരികളുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും (എസ് ഡി എം എ) ചേർന്ന് പ്രവർത്തിക്കുമെന്നാണ് അറിയിച്ചത്.

സുസ്ഥിര ഉപജീവനം പുനഃസ്ഥാപിക്കാൻ വയനാടിന്‍റെ ആവാസ വ്യവസ്ഥയ്ക്ക് അനുസൃതമായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങൾ, തൊഴിൽ പരിശീലനം കൃഷി, എന്നിവയ്ക്ക് പിന്തുണ നൽകുമെന്നും റിലയൻസ് അറിയിച്ചു. ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിൻന്‍റെ തുടർച്ച ഉറപ്പാക്കാൻ പുസ്തകങ്ങൾ വിതരണം ചെയ്യും. ക്യാംപുകളിലെ താമസക്കാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ടവറുകൾ സ്ഥാപിക്കുന്നതിനൊപ്പം ജിയോ ഭാരത് ഫോണുകൾ ലഭ്യമാക്കും. ദുരന്തബാധിതർക്ക് കൗൺസിലിംഗ് നൽകുമെന്നും ഒപ്പം കമ്മ്യൂണിറ്റി ഹീലിംഗ് സെന്ററുകളും തുടങ്ങുമെന്നും അറിയിച്ചു. വയനാടൻ ജനതയുടെ ദുരിതവും ഉരുൾപൊട്ടൽ മൂലമുണ്ടായ വൻ നാശനഷ്ടങ്ങളും വളരെയധികം വേദനിപ്പിക്കുന്നുവെന്ന് റിലയൻസ് ഫൗണ്ടേഷന്‍റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പറഞ്ഞു. അങ്ങേയറ്റം ദുഃഖകരമായ ഈ സമയത്ത്, ഹൃദയം ഉരുൾപൊട്ടൽ ബാധിച്ച ഓരോ വ്യക്തിക്കും കുടുംബത്തിനും ഒപ്പമാണ്. ഈ ദുഷ്‌കരമായ സമയത്ത് കേരളത്തിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

Top