ഡല്‍ഹി: അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ യുവഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ് പന്ത്. എന്നാല്‍ അടുത്ത വര്‍ഷത്തെ മെഗാതാരലേലത്തിന് മുമ്പായി താരത്തെ റിലീസ് ചെയ്യാനാണ് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലിയുടെ പദ്ധതികളെന്നാണ് സൂചന. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം അടുത്ത സീസണില്‍ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് റിഷഭ് പന്തിന് സാധ്യതയേറുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍സ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞതോടെ കഴിഞ്ഞ സീസണില്‍ റുതുരാജ് ഗെയ്ക്ക്വാദാണ് ടീമിനെ നയിച്ചത്. എന്നാല്‍ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ചെന്നൈയ്ക്ക് കഴിഞ്ഞുള്ളു. ധോണിയുടെ പിന്തുണയോടെയാണ് റുതുരാജ് ചെന്നൈയെ നയിച്ചത്. ഇതോടെ ടീമിനെ ഒറ്റയ്ക്ക് നയിക്കാന്‍ കഴിയുന്ന താരമെന്ന ആവശ്യം ചെന്നൈ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു
റിഷഭ് പന്തിനെ വിട്ടുനില്‍കിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സും പ്രതിസന്ധിയിലാകും. മികച്ച ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയും ക്യാപ്റ്റനെയും ഡല്‍ഹി കണ്ടെത്തേണ്ടി വരും. കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ റിഷഭ് വിട്ടുനിന്നപ്പോള്‍ ഡല്‍ഹിയെ നയിച്ചത് യുവ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ്. വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത് അഭിഷേക് പോറലും. എന്നാല്‍ ഈ മത്സരം വിജയിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞില്ല.