CMDRF

ഏഷ്യാനെറ്റിനെ മറികടന്ന് റിപ്പോർട്ടർ ചാനൽ, അമ്പരന്ന് മാധ്യമലോകം, ഒന്നാമത് വീണ്ടും 24 തന്നെ

ഏഷ്യാനെറ്റിനെ മറികടന്ന് റിപ്പോർട്ടർ ചാനൽ, അമ്പരന്ന് മാധ്യമലോകം, ഒന്നാമത് വീണ്ടും 24 തന്നെ
ഏഷ്യാനെറ്റിനെ മറികടന്ന് റിപ്പോർട്ടർ ചാനൽ, അമ്പരന്ന് മാധ്യമലോകം, ഒന്നാമത് വീണ്ടും 24 തന്നെ

കേരളത്തിലെ ചാനല്‍ യുദ്ധം പുതിയ വഴിത്തിരിവിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിനെ മറികടന്ന് 24 ന്യൂസ് ഒന്നാമത് തുടരുമ്പോഴും കഴിഞ്ഞ രണ്ട് തവണ ബാര്‍ക്ക് റേയ്റ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഏഷ്യാനെറ്റ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്കാണ് കൂപ്പു കുത്തിയിരിക്കുന്നത്.

157.3 പോയിന്റോടെയാണ് 24 ന്യൂസ് ഒന്നാമത് എത്തിയിരിക്കുന്നത്. 149.1 പോയിന്റോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമതും ഏഷ്യാനെറ്റ് ന്യൂസ് 147.6 പോയിന്റോടെ മൂന്നാമതുമാണ്. 72.8 പോയിന്റോടെ മനോരമ ന്യൂസ് നാലാമതും 65 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 25 പോയിന്റുകള്‍ നേടി കൈരളി ആറാമതും 24.8 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 23.2 പോയിന്റോടെ ജനം എട്ടാമതും 16.5 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമതുമാണ്. പുറത്തുവന്ന പുതിയ കണക്കുകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് മാധ്യമ ലോകം. ഈ പോക്ക് പോയാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അധികം താമസിയാതെ തന്നെ ഒന്നാമത് എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ച മുൻപുവരെ ഏഷ്യാനെറ്റ് ആയിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

24 ന്റെ പ്രധാന മുഖമായ ശ്രീകണ്ഠന്‍ നായര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് 24-ല്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ കൂടിയായിരുന്ന അരുണ്‍കുമാറാണ്. ശ്രീകണ്ഠന്‍ നായര്‍ പ്രതൃക്ഷപ്പെടുന്ന പ്രഭാതത്തിലെ വാര്‍ത്താ പരിപാടിയില്‍, കഴിഞ്ഞ കുറേ നാളുകളായി 24 തന്നെയാണ് മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പലപ്പോഴും അരുണ്‍ കുമാര്‍ നയിക്കുന്ന വാര്‍ത്താ പരിപാടിക്കാണ് യൂട്യൂബില്‍ പ്രേക്ഷകര്‍ കൂടുതല്‍ ഉള്ളത്.

കേരളത്തിലെ പതിവ് വാര്‍ത്താരീതി പൊളിച്ചടുക്കി 24 ന്യൂസ് ആണ് വിപ്ലവം സൃഷ്ടിച്ചതെങ്കില്‍, ഇപ്പോള്‍ അതിനും മീതെയുള്ള മാറ്റങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ശ്രീകണ്ഠന്‍ നായര്‍ എന്ന ഒറ്റയാന്റെ കരുത്തില്‍ 24 ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഉണ്ണി ബാലകൃഷ്ണന്‍, ഡോ. അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, സുജയ പാര്‍വ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച ടീമാണ് റിപ്പോര്‍ട്ടറിന്റെ കരുത്ത്. ഈ രണ്ട് ചാനലുകളും വാര്‍ത്താ ലോകത്ത് നിരന്തരം പുതിയ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഒപ്പമെത്താന്‍ മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള മാധ്യമ രംഗത്തെ വമ്പന്‍മാര്‍ വളരെ പ്രയാസപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

പിറവി മുതല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിച്ച ഏഷ്യാനെറ്റ് ന്യൂസിന് ബാര്‍ക്ക് റെയ്റ്റിങ്ങില്‍ ഇത് മൂന്നാം തവണയാണ് കാലിടറിയിരിക്കുന്നത്. ഈ പോക്ക് പോയാല്‍ വാര്‍ത്താ രംഗത്ത് അവര്‍ക്ക് തിരിച്ചുവരാന്‍ പ്രയാസമായിരിക്കും. പരമ്പരാഗത വാര്‍ത്താരീതി പിന്തുടര്‍ന്ന് വന്നതും ഒരേസമയം ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടി വന്നതുമെല്ലാം ഏഷ്യാനെറ്റിന് തിരിച്ചടി ലഭിക്കുന്നതിന് ചില കാരണങ്ങളാണ്.

ഏഷ്യാനെറ്റ് പക്ഷപാതപരമായും പ്രതികാര മനോഭാവത്തോടെയും പെരുമാറുന്നു എന്ന പരാതി സി.പി.എമ്മും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും മാത്രമല്ല ബി.ജെ.പിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും ഉണ്ട്. ഈ വിഭാഗങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി നടത്തിയ പ്രചരണങ്ങള്‍ ഒരു വിഭാഗം പ്രേക്ഷകരെ ഏഷ്യാനെറ്റില്‍ നിന്നും അകറ്റാന്‍ കാരണമായതായാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരും വിലയിരുത്തുന്നത്. 24 ന്യൂസും, റിപ്പോര്‍ട്ടര്‍ ചാനലും ഇത്തരമൊരു എതിര്‍പ്പ് നിലവില്‍ ഒരു വിഭാഗത്തില്‍ നിന്നും നേരിടാത്തത് അവരുടെ മുന്നോട്ടുള്ള കുതിപ്പിന് സഹായകരമായിട്ടുണ്ട്. കര്‍ണ്ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായ സംഭവവും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തവുമെല്ലാം ബാര്‍ക്ക് റെയ്റ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും 24 ന്യൂസിനുമാണ് ഏറെ ഗുണം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഒരു വൈകാരിക വിഷയമായി ചാനലുകള്‍ ഏറ്റെടുത്ത് അവതരിപ്പിക്കുന്നതിനു പിന്നില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പ്രസക്തിക്കും അപ്പുറം ചാനല്‍ കിടമത്സരമാണ് പ്രധാന കാരണം. അടുത്ത ബാര്‍ക്ക് റേയ്റ്റിങ്ങില്‍ തങ്ങളുടെ നില ഭദ്രമാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലും നടക്കുന്നത്. ഇങ്ങനെ ചാനലുകള്‍ തമ്മില്‍ നടക്കുന്ന പോരില്‍ ചെറിയ സംഭവങ്ങള്‍ പോലും വലിയ സംഭവങ്ങളായാണ് മാറിക്കൊണ്ടിരിക്കുന്നത്. സകല പരിധികളും ലംഘിച്ചുള്ള റിപ്പോര്‍ട്ടിങ്ങുകളും ചില ചാനലുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് മോഡലിലാണ് ഇപ്പോള്‍ ദൃശ്യമാധ്യമ പ്രവര്‍ത്തനം മാറിക്കൊണ്ടിരിക്കുന്നത്. അതിവൈകാരികതയോട് കൂടി അവതരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കാണ് വ്യൂവേഴ്സും കൂടുന്നത്. ഈ ശൈലി അപകടകരമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മാറുന്ന ലോകത്ത് മാധ്യമ സംസ്‌കാരത്തിലും മാറ്റം വരുത്താതെ മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന നിലപാടിലാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഉള്ളത്. ഒന്നാം സ്ഥാനത്ത് തുടരുന്ന 24 ന്യൂസ് അധികം താമസിയാതെ തന്നെ തമിഴിലും തെലുങ്കിലും കന്നഡയിലും വാര്‍ത്താ ചാനലുകള്‍ തുടങ്ങുമെന്നാണ് 24ന്റെ എംഡിയായ ശ്രീകണ്ഠന്‍ നായര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമും 24 ലക്ഷ്യമിടുന്നുണ്ട്.

അതേസമയം, നഷ്ടമായ ഒന്നാംസ്ഥാനം തിരിച്ചു പിടിക്കാന്‍ ഏഷ്യാനെറ്റും ഇപ്പോള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തിരിച്ചടി ലഭിക്കാന്‍ ഇടയായ കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഏഷ്യാനെറ്റ് തലപ്പത്ത് ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുമെന്ന സൂചനയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

STAFF REPORTER

Top