യുവതാരങ്ങൾ മാത്രമല്ല കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ

യുവതാരങ്ങൾ മാത്രമല്ല കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ
യുവതാരങ്ങൾ മാത്രമല്ല കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ

മുംബൈ: ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതോടെ ഇന്ത്യൻ ക്രിക്കറ്റിലും മാറ്റത്തിന് തുടക്കമാകുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മയും വിരാട് കോലിയും യുവതാരങ്ങള്‍ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഐപിഎല്ലില്‍ അല്ലാതെ കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടിലായിരിക്കും കോലിയും രോഹിത്തും കളിക്കുകയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിരാട് കോലിക്കും രോഹിത് ശര്‍മക്കും പുറമെ ടെസ്റ്റ് ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്ന ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് തുടങ്ങിവരെല്ലാം ദുലീപ് ട്രോഫിയില്‍ കളിക്കും.

എന്നാല്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ദുലീപ് ട്രോഫിയില്‍ കളിക്കുന്നതില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. അടുത്ത നാലു മാസത്തിനുള്ളില്‍ ഇന്ത്യ 10 ടെസ്റ്റുകള്‍ കളിക്കേണ്ടതിനാല്‍ ബുമ്രക്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പൂര്‍ണ വിശ്രമം നല്‍കുന്നതിനെക്കുറിച്ചും സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരക്കുള്ള പിച്ചുകള്‍ പൊതുവെ സ്പിന്നര്‍മാരെ തുണക്കുന്നതായിരിക്കുമെന്നതിനാലും പരിക്ക് മാറി മുഹമ്മദ് ഷമി തിരിച്ചെത്തുമെന്നതിനാലും ബുമ്രക്ക് വിശ്രമം കൊടുക്കുന്നത് ഉചിതമായിരിക്കുമെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍.
സോണല്‍ ടീമുകളെ തെരഞ്ഞെടുക്കുന്ന രീതി ഉപേക്ഷിച്ച് ദേശീയ സെലക്ടര്‍മാര്‍ ഇത്തവണ നേരിട്ടാണ് ദുലീപ് ട്രോഫിക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുക. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി , ഇന്ത്യ ഡി എന്നിങ്ങനെ നാലു ടീമുകളായിരിക്കും ദുലീപ് ട്രോഫിയില്‍ മാറ്റുരക്കുക. ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ് ദുലീപ് ട്രോഫിയുടെ ആദ്യഘട്ട മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടേക്ക് വിമാനമാര്‍ഗം നേരിട്ട് എത്താനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ട് പോലും വിരാട് കോലിയും രോഹിത് ശര്‍മയും അടക്കമുള്ള സീനിയര്‍ താരങ്ങൾ ദുലീപ് ട്രോഫി കളിക്കാന്‍ സന്നദ്ധരായത് ബിസിസിഐയുടെ നിലപാട് മാറ്റത്തിന്‍റെ സൂചനയാണ്.

എന്നാല്‍ സീനിയര്‍ താരങ്ങള്‍ കൂടി കളിക്കുന്ന പശ്ചാത്തലത്തില്‍ ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 24വരായെയാരിക്കും ദുലീപ് ട്രോഫി മത്സരങ്ങള്‍. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ 19ന് ചെന്നൈയിൽ തുടങ്ങും. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ചെന്നൈയില്‍ പരിശീലന ക്യാംപ് നടക്കും.

Top