ദുല്‍ഖറിന് പിന്നാലെ ജയം രവിയും തഗ് ലൈഫില്‍ നിന്ന് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍

ദുല്‍ഖറിന് പിന്നാലെ ജയം രവിയും തഗ് ലൈഫില്‍ നിന്ന് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍
ദുല്‍ഖറിന് പിന്നാലെ ജയം രവിയും തഗ് ലൈഫില്‍ നിന്ന് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍

മണിരത്നം-കമല്‍ഹാസന്‍ കൂട്ടുകെട്ടിന്റെ തഗ് ലൈഫ് സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്. വമ്പന്‍ താരനിര ഭാഗമാകുന്ന സിനിമയില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴിതാ ജയം രവിയും സിനിമയില്‍ നിന്ന് പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2, എന്നീ സിനിമകളിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു.

മറ്റു സിനിമകളുടെ തിരക്കുകള്‍ മൂലമായിരുന്നു ദുല്‍ഖറും ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ദുല്‍ഖറിന്റെ കഥാപാത്രത്തിനായി തമിഴ് താരം സിമ്പുവിനെ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനത്തി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ സിമ്പു അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്. തൃഷ കൃഷ്ണന്‍, ഗൗതം കാര്‍ത്തിക് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Top