സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘സിക്കന്ദറി’ല്‍ സത്യരാജ് വില്ലന്‍ വേഷം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഏറെ വ്യത്യസ്തമായ കഥാപാത്രമായായിരിക്കും സത്യരാജ് എത്തുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഈ ഈദിന് റിലീസ് ചെയ്ത ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’, ‘മൈദാന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം 2025 ഈദ് റിലീസായി ആയിരിക്കും സിക്കന്ദര്‍. എ ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സിനിമയില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് പ്രധാന്യം കൊടുക്കുന്നതിന് പുറമേ, ശക്തമായ സമൂഹിക വിഷയവും ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. പാന്‍-ഇന്ത്യ സിനിമയായിരിക്കും. സിനിമയില്‍ സല്‍മാന്‍ ഖാന്റെ വ്യത്യസ്തമായ ഒരുവേഷം പ്രതീക്ഷിക്കാം. ഞാനും സല്‍മാനും അഞ്ച് വര്‍ഷം മുമ്പ് ഈ പ്രോജക്ടിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ സാഹചര്യങ്ങള്‍ കാരണം ഞങ്ങള്‍ക്ക് ആ സമയത്ത് സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. അടുത്തിടെ, അദ്ദേഹം സ്‌ക്രിപ്റ്റ് കേള്‍ക്കുകയും അത് തനിക്ക് ആവേശം നല്‍കിയെന്നും ഉടന്‍ തന്നെ അതിന്റെ ജോലികള്‍ ആരംഭിക്കാമോ എന്നും അദ്ദേഹം ചോദിച്ചു, സംവിധായകന്‍ ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
സിക്കന്ദര്‍ കൂടാതെ ‘ടൈഗര്‍ Vs പഠാനാ’ണ് സല്‍മാന്റെ മറ്റ് ലൈനപ്പുകള്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേര് പോലെ തന്നെ ടൈഗറും പഠാനും ഒരുമിച്ചെത്തുന്നത് കാണാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്.