ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതായുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ തമിഴ് സംവിധായകൻ സുന്ദർ സി ആയിരിക്കും ചിത്രം ഒരുക്കുക എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ഫിലിം ഇൻഡസ്ട്രിയലിസ്റ്റായ അമുദ ഭാരതിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വടിവേലു പ്രധാന കഥാപാത്രമാകുന്ന സിനിമയും കളകളപ്പ് 3യും സുന്ദർ സിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അരൺമനൈ 3 എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.
2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ഇതിന്റെ രണ്ടാം ഭാഗമായ മൂക്കുത്തി അമ്മൻ 2ൽ നയൻതാര തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.