ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം
ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ വിമർശനങ്ങൾക്കിടെ ലോക കേരളസഭയ്ക്ക് ഇന്ന് സമാപനമാകും. കുവൈത്ത് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. യുഡിഎഫ് ബഹിഷ്കരിച്ച സമ്മേളനത്തിൽ പതിവ് ചർച്ചകൾ മാത്രമാണ് ആദ്യദിനം നടന്നത്. കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് ആദാരാഞ്ജലികൾ അർപ്പിച്ചാണ് നാലാം ലോക കേരള സഭ തുടങ്ങിയതെങ്കിലും ഇപ്പോൾ തന്നെ സമ്മേളനം നടത്തേണ്ടിയിരുന്നോ എന്ന ചോദ്യം പലവഴിക്ക് ഉയർന്നിട്ടുണ്ട്.

പ്രധാനികളായ ചില പ്രതിനിധികൾ സമ്മേളനത്തിന് എത്തിയിട്ടില്ല. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കൂടിയായ എംഎ യൂസഫലിയും പങ്കെടുക്കുന്നില്ല. എതിർപ്പല്ല കാരണമെന്ന് വിശദീകരിക്കാൻ ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി തന്നെ അത് എടുത്തുപറഞ്ഞിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുനൽകിയിട്ടില്ല. മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും നേതൃത്വം നൽകുന്ന ചർച്ചകളാണ് സമ്മേളനത്തിൽ നടക്കുന്നത്.

ധൂർത്ത് ആരോപിച്ച് യുഡിഎഫ് ബഹിഷ്കരിച്ച പരിപാടിയിൽ പ്രതിപക്ഷനേതാവും എംഎൽഎമാരും ഇല്ല. മൂന്നുകോടി രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ലോക കേരള സഭയ്ക്കായി ഇത്തവണ സർക്കാർ അനുവദിച്ചത്. പതിവ് ചർച്ചകളല്ലാതെ പ്രവാസികളുടെ ഉന്നമനത്തിനുള്ള ഒന്നും കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളിലും ഉണ്ടായില്ല എന്ന വിമർശനവും ശക്തമാണ്.

Top