ന്യൂയോര്‍ക്ക്: 2020ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ താൻ വൈറ്റ്ഹൗസിൽനിന്ന് അധികാരം വിട്ടിറങ്ങാൻ പാടില്ലെന്നായിരുന്നുവെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പിന്നില്‍ പോയാലും തോല്‍വി സമ്മതിക്കില്ല എന്നതിന്‍റെ സൂചനയാണ് ട്രംപിന്‍റെ വാക്കുകളില്‍ വ്യക്തമാവുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2020ലെ തിരഞ്ഞെടുപ്പ് പരാജയം ഇതുവരെ ട്രംപ് അംഗീകരിച്ചിട്ടില്ല.
നാളെയാണ് അമേരിക്കയിലെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് പെൻസിൽവേനിയ, നോർത്ത് കാരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ ഇന്നലെ പ്രചാരണം നടത്തി. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല, മിഷിഗനിലാണ് പ്രചാരണം നടത്തിയത്.
Also Read: ഖലിസ്ഥാനികളുടെ ആക്രമണം; അപലപിച്ച് ഇന്ത്യൻ കോൺസുലേറ്റ്
തെരഞ്ഞെടുപ്പ് ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍, ശരിയായ സമയത്ത് അവിടെയെത്തുമെന്നാണ് ട്രംപിന്റെ മറുപടി. നവംബര്‍ 5ന് തന്നെ വിജയിച്ചത് ആരാണെന്നറിയാമെന്ന് നേരത്തെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അതേസമയം, ട്രംപ് അധികാരത്തിലെത്തുന്നതു രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അരാജകത്വത്തെയും ഭയത്തെയും അകറ്റിനിർത്താനുള്ള അവസരമാണു തിരഞ്ഞെടുപ്പ് ദിവസം നൽകുന്നതെന്നും കമല ഹാരിസ് പറഞ്ഞു.
Also Read: ‘തീവ്രവാദത്തിനും മുസ്ലീം ലോകത്തെ ഭിന്നിപ്പിനും’ അമേരിക്കയെ കുറ്റപ്പെടുത്തി ഇറാനിയൻ കമാൻഡർ
അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകും. ഏഴരക്കോടിയിലധികം പേർ ഏർലി വോട്ടിങ് (നേരത്തേ വോട്ട് ചെയ്യാം) സൗകര്യം ഉപയോഗിച്ചു ഇതിനോടകം വോട്ടു ചെയ്തു കഴിഞ്ഞു.