CMDRF

കോണ്‍ഗ്രസില്‍ വീണ്ടും രാജി; മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസില്‍ വീണ്ടും രാജി; മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു
കോണ്‍ഗ്രസില്‍ വീണ്ടും രാജി; മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

ഡല്‍ഹി: കോണ്‍ഗ്രസില്‍ വീണ്ടും രാജി.  മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയായിരുന്നു നസീബ് സിങ്ങും മറ്റൊരു നേതാവായ നീരജ് ബസോയയുമാണ് രാജി നൽകിയത്. എഎപിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ പദവി ഒഴിഞ്ഞ അര്‍വിന്ദര്‍ സിംഗ് ലൗലിയുടെ അടുത്ത അനുയായികളാണ് രണ്ട് പേരും. ലൗലിയോട് പാര്‍ട്ടി കാണിച്ച അനീതിയില്‍ പ്രതിഷേധിച്ചാണ് രാജി എന്നും റിപ്പോര്‍ട്ടുണ്ട്. നേതാക്കള്‍ ബിജെപിയിലേക്ക് പോകും എന്ന സൂചനയുണ്ട്.

നേതാക്കളുടെ അതൃപ്തി തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കനയ്യ കുമാര്‍, ഉദിത് രാജ് തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം തുടരുകയാണ്. എത്രയും വേഗം ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നം പരിഹരിക്കണം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എഎപിയുമായി സഖ്യം ഉണ്ടാക്കിയതില്‍ നേതാക്കള്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നത് ഇന്‍ഡ്യ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും നിഴലിക്കുന്നുണ്ട്. നേതാക്കളുടെ രാജി കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയം എന്ന നിലപാടാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.

Top