ഓസ്ലോ: ഏഴ് മാസത്തോളമായി പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്ക്ക് സമാധാന ശ്രമങ്ങളുമായി നോര്‍വേ, അയര്‍ലാന്‍ഡ്, സ്‌പെയിന്‍ രാജ്യങ്ങള്‍. മീഡില്‍ ഈസ്റ്റില്‍ സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുക മാത്രമാണ് ഏക വഴിയെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കി.
ദ്വിരാഷ്ട്ര സ്ഥാപനമാണ് മേഖലയിലെ നിലവിലെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്ന് നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ ബുധനാഴ്ച പറഞ്ഞു. പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഗസയിലെ അധിനിവേശത്തില്‍ മറ്റൊരു പരിഹാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍വെയുടെ പ്രഖ്യാപനത്തിന് പിന്നാലെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും രംഗത്തെത്തി. ‘അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ പലസ്തീനെ ഇന്ന് സ്വതന്ത്ര രാഷട്രമായി അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നു. തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിന് ആവശ്യമായ ദേശീയ നടപടികളെല്ലാം ഞങ്ങള്‍ ഓരോരുത്തരും ഏറ്റെടുക്കും,’ സൈമണ്‍ ഹാരിസ് പറഞ്ഞു. വരും ആഴ്ചകളില്‍ ഈ സുപ്രധാന ചുവടുവെപ്പില്‍ കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളോടൊപ്പം ചേരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 28ന് പലസ്തീനെ സ്വതന്ത്ര രാഷട്രമായി അംഗീകരിക്കുമെന്ന് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും അറിയിച്ചു.
രാജ്യങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ അയര്‍ലണ്ടിലെയും നോര്‍വേയിലെയും തങ്ങളുടെ അംബാസഡര്‍മാരെ ഇസ്രായേല്‍ തിരിച്ചുവിളിച്ചു.