മോദിയുടെ വിശ്വസ്തനായ ‘കെ.കെ’?; പുതുച്ചേരിയുടെ മലയാളി ഗവർണർ

മോദിയുടെ വിശ്വസ്തനായ ‘കെ.കെ’?; പുതുച്ചേരിയുടെ മലയാളി ഗവർണർ
മോദിയുടെ വിശ്വസ്തനായ ‘കെ.കെ’?; പുതുച്ചേരിയുടെ മലയാളി ഗവർണർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരിലൊരാളായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ. മോദിയുടെ ആശയങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്ന കെ.കൈലാസനാഥനെന്ന ‘കെ.കെ.’ മോദിയോടൊപ്പവും ഗുജറാത്ത് സർക്കാരിന്റെ ഭാഗമായും ഏറെനാൾ പ്രവർത്തിച്ച മലയാളിയായ കൈലാസനാഥന്റെ പുതുച്ചേരി ലഫ്. ഗവർണറായുള്ള നിയമനം ഇന്നലെയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും കഴിഞ്ഞ മാസം വിരമിച്ച അദ്ദേഹം മുപ്പതുവർഷത്തെ സേവനകാലത്തിനിടയിൽ പല പ്രധാന പദവികളും വഹിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ വടകര വില്യാപ്പള്ളി പരേതനായ കുനിയിൽ ഗോവിന്ദന്റെയും കാർത്തികപ്പള്ളി നരിയണംപുറത്ത് ലീലയുടെയും മകനാണ്.

1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്‌ഥനായ അദ്ദേഹം സർവീസിൽ നിന്ന് അഡി.ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷവും ഗുജറാത്തിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടർന്നു. നിർണായക കാര്യങ്ങളിൽ മോദിയുടെ വിശ്വസ്‌തനായ ഉപദേഷ്‌ടാവായി. അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ, ഗുജറാത്ത് ഫിനാൻഷ്യൽ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ, ഗുജറാത്ത് മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ടെങ്കിലും മോദിയുടെ ഓഫിസിലെത്തിയതോടെയാണ് കരുത്തനായത്. മാരിടൈം ബോർഡിന്റെ തലപ്പത്തിരിക്കുമ്പോഴാണ് ഗുജറാത്തിലെ തുറമുഖങ്ങൾ സ്വകാര്യവൽക്കരിച്ച നിർണായക തീരുമാനം കൈക്കൊണ്ടത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ ഡൽഹിയിലേക്ക് പോകാതെ ഗുജറാത്തിൽ തുടർന്ന് മോദിയുടെ തീരുമാനങ്ങൾ നടപ്പിലാക്കി.

കൈലാസനാഥന്‍ 2006 ജൂലൈ മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിര്‍ണായക സ്ഥാനത്തുണ്ടായിരുന്നു. 2013ല്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചപ്പോള്‍ മോദിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയായിരുന്നു. സേവനകാലാവധി നീട്ടിനല്‍കി കെ.കെയെ ഓഫിസില്‍ നിലനിര്‍ത്തി. ആനന്ദിബെന്‍, വിജയ് രൂപാണി മന്ത്രിസഭകള്‍ വന്നപ്പോഴും ചീഫ് പ്രിന്‍സിപ്പൽ സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രിമാരുടെ ഓഫിസില്‍ നിർണായക ശക്തിയായി. രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായ കൈലാസനാഥനാണ് കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ പോലും ബിജെപിയിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്നു പ്രചാരണമുണ്ടായിരുന്നു.

Top