മരിക്കുമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞ് ഉറപ്പാക്കി; ഷാരോണിന് നൽകിയത് പാരക്വിറ്റ് കളനാശിനി

ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽകുമാറാണ്.

മരിക്കുമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞ് ഉറപ്പാക്കി; ഷാരോണിന് നൽകിയത് പാരക്വിറ്റ് കളനാശിനി
മരിക്കുമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞ് ഉറപ്പാക്കി; ഷാരോണിന് നൽകിയത് പാരക്വിറ്റ് കളനാശിനി

നെയ്യാറ്റിൻകര: ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മ കഷായത്തിൽ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന് വെളിപ്പെടുത്തൽ. ഡോക്ടർമാരുടെ സംഘമാണ് കോടതിയിൽ മൊഴി നൽകിയത്. ഏത് കളനാശിനി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈൽ ഫോണുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തിരുന്നു. കിഫ്ബി എൽഎ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് നൗഷാദിന്റെ സാന്നിധ്യത്തിലായിരുന്നു വിഡിയോകളും ഫോട്ടോകളും ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകളായി കണ്ടെടുത്തത്.

നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. 2022 ഒക്ടോബർ 14-ന് രാവിലെ പത്തരയ്ക്കാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ അരുണ കോടതിയിൽ വിശദീകരിച്ചു.

Also Read: പൊലീസുകാര്‍ക്കെതിരായ ലൈംഗിക അതിക്രമ പരാതി; കേസ് എടുക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്‌ ഗ്രീഷ്മ ഷാരോണിന് നൽകാനുറച്ച പാരക്വിറ്റ് വിഷം മനുഷ്യശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്‌സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസിലാക്കി. ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 2022 ഓഗസ്റ്റിൽ അമിത അളവിൽ ഗുളികകൾ കലർത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കയ്പു കാരണം ഷാരോൺ അതു തുപ്പിക്കളഞ്ഞു. ഈ സംഭവം നടന്നതിന്റെ അന്നു രാവിലെയും അമിത അളവിൽ മനുഷ്യ ശരീരത്തിൽ കടന്നാലുള്ള ആഘാതങ്ങളെക്കുറിച്ചു ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയിരുന്നു.

Also Read: കായികമേള; വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ

ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽകുമാറാണ്. ഷാരോണിന് നൽകിയ വിഷത്തിന്റെ കുപ്പിയും മറ്റുതെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോൺ രാജും തമിഴ്‌നാട്ടിലെ ദേവിയോട് സ്വദേശിനിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ആർമി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതികളാണ്.

Top