ആഹ്ലാദപ്രകടനം രാത്രി ഏഴ് വരെ; വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

ആഹ്ലാദപ്രകടനം രാത്രി ഏഴ് വരെ; വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം
ആഹ്ലാദപ്രകടനം രാത്രി ഏഴ് വരെ; വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

വടകര: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വടകരയിൽ വിജയാഘോഷങ്ങൾ രാത്രി ഏഴ് വരെ മാത്രം. നിയന്ത്രണമേർപ്പെടുത്താൻ സർവകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്. ആഹ്ലാദപ്രകടനം രാത്രി 7 മണി വരെ മാത്രമായി പരിമിതപ്പെടുത്തി. വാഹനജാഥയ്ക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ വിജയിക്കുന്ന മുന്നണിയുടെ പ്രവർത്തകർക്ക് അടുത്ത ദിവസം ആഹ്ലാദപ്രകടനം നടത്താമെന്നും യോഗത്തിൽ തീരുമാനമായി.

കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. വർഗീയ പോസ്റ്റ് പ്രചരിപ്പിച്ച പ്രതികളെ ഉടൻ പിടികൂടുമെന്ന് ഡിഐജി ഉറപ്പു നൽകി. വോട്ടെടുപ്പിനു ശേഷവും വടകരയിൽ മുന്നണികൾ ഏറ്റുമുട്ടുന്നത് തുടർന്നതോടെയാണ് ഫലം വരുന്നതിനു മുന്നോടിയായി പൊലീസ് സർവകക്ഷിയോഗം വിളിച്ചുചേർത്തത്.

ദേശീയ തലത്തിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിഷയം നിരവധി പാരാതികളുടെ കൂട്ടത്തിൽ ഒന്നു മാത്രമാണ്. വർഗീയ ധ്രുവീകരണം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പൊലീസിന്റെ മുന്നിലുണ്ട്. അവയെല്ലാം പരിഹരിക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നിഷ്പക്ഷമായി ഇടപെടണമെന്ന് യുഡിഎഫ് ചെയർമാൻ കെ.ബാലനാരായണൻ പറഞ്ഞു. ‘കാഫിർ’ പ്രയോഗത്തിൽ പ്രതിയെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Top