വയനാട് ഉരുള്‍പ്പൊട്ടലില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍

വയനാട് ഉരുള്‍പ്പൊട്ടലില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍
വയനാട് ഉരുള്‍പ്പൊട്ടലില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നുണ്ട്. എത്ര കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടുവെന്നും എത്ര കുടുംബങ്ങള്‍ ഒറ്റപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്ക് ഈ സാഹചര്യത്തില്‍ പ്രസിദ്ധീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ആളുകളെ പാനിക്കാക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ നല്‍കരുത്. പിആര്‍ഡി വഴി നേരിട്ട് അതത് സമയത്ത് വിവരങ്ങള്‍ അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പരമാവധി സംഘത്തെ ഏകോപിപ്പിച്ച് കൊണ്ട് സുരക്ഷാ സംവിധാനങ്ങള്‍ പുരോഗമിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എന്‍ഡിആര്‍എഫിന്റെ ഒരു സംഘം സംഭവ സ്ഥലത്തുണ്ട്. മറ്റൊരു സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൂന്നാമത് ഒരു സംഘത്തെ കൂടി അയക്കാന്‍ കഴിയുമോ എന്ന കാര്യം ആലോചിക്കുന്നുണ്ട്. ഡിഫന്‍സ് സെക്യൂരിറ്റി കോപ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എയര്‍ഫോഴ്‌സുമായി ബന്ധപ്പെട്ട സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റോപ്പ് ഉപയോഗിച്ച് കടക്കാന്‍ സാധിക്കുമോ എന്ന് സൈന്യത്തോട് ചോദിച്ചിട്ടുണ്ട്. കൂടുതല്‍ സാധ്യതകളെ കുറിച്ച് എംഎല്‍യുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

എയര്‍ലിഫ്റ്റിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും. എയര്‍ലിഫ്റ്റ് ഉപയോഗിച്ചാല്‍ മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂടി ലഭ്യമാകും. ഏഴ്മണിയ്ക്ക് സുളൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്‍ന്റെ രണ്ട് സംഘം പുറപ്പെട്ടു. അഡ്വാന്‍സ്ഡ് ലൈഫ് ഹെലികോപ്റ്റര്‍ എന്ന് പറയാവുന്ന ചെറിയ ഹെലികോപ്റ്ററും എംവണ്‍ സെവന്റീന്‍ എന്ന ചെറിയതുമാണ്. കല്‍പ്പറ്റയിലെ എസ്‌കെഎംജെ സ്‌കൂളില്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കുകയാണ്. റവന്യു ഉദ്യോഗസ്ഥര്‍ പോയി സ്ഥലം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ ഇറക്കാനായാല്‍ ചെറിയ സമയം കൊണ്ട് അവിടെയെത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

തൃശ്ശൂരില്‍ നിന്നുള്ള ഫയര്‍ആന്‍ഡ് റെസ്‌ക്യൂ സംഘത്തിന്റെ ട്രെയിന്‍ഡ് ആയ സംഘത്തെ കൂടി അവിടേക്ക് അയക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ടീമിനെ കൂടി അയക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളുകളോട് ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. ആളുകള്‍ സംഭവ സ്ഥലത്തേക്ക് പോകുന്നതാണ് സുരക്ഷാ സംഘം എത്തുന്നതിന് തടസ്സമായി വരുന്നത്. കിട്ടിയ വാഹനവുമായി തിരിച്ച് റോഡില്‍ വണ്ടി ഇട്ട് പോയാല്‍ സുരക്ഷാ ദൗത്യത്തിന് കരമാര്‍ഗ്ഗം പോകുന്ന ടീമിന് തടസ്സമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പുലര്‍ച്ചെ നാലുമണിയോടുകൂടി തന്നെ നേരിട്ട് വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ കെ ശശീന്ദ്രരനും കടന്നപ്പള്ളി രാമചന്ദ്രന്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. താനും മന്ത്രി മുഹമ്മദ് റിയാസും ഒആര്‍ കേളുവും സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ ഏറ്റവും പെട്ടന്നുള്ള എയര്‍ ലിഫ്റ്റിന്റെ സംവിധാനം ഏതാണെന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. മറ്റുമാര്‍ഗ്ഗങ്ങളിലൂടെ പോകാന്‍ ഇപ്പോള്‍ സാധ്യമല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top