തിരുവനന്തപുരം: നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. പുതിയ പരിഷ്‌കാരം നിലവില്‍ വന്നാലും പൂര്‍ണമായി നടപ്പിലായേക്കില്ല. അതേസമയം പരിഷ്‌കരിച്ചുള്ള ടെസ്റ്റ് തടയുമെന്ന നിലപാടിലാണ് സിഐടിയു. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി.
മെയ് രണ്ടു മുതല്‍ 30 പേര്‍ക്ക് ലൈസന്‍സ് നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. ഇതില്‍ ഇളവ് വരുത്തി പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തിയിരുന്നു. പുതിയതായി 40 പേര്‍ക്കും തോറ്റവര്‍ക്കുള്ള റീടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമാണ് അവസരം. പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാല്‍ എച്ച് ടെസ്റ്റ് തുടരും. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയില്‍ നിന്നും മാറ്റം ഉണ്ടായിരിക്കും.
പരമ്പരാഗത ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം ഉടച്ചുവാര്‍ത്ത് മെയ് 2 മുതല്‍ പരിഷ്‌കരിച്ച രീതി നടപ്പിലാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. പരിഷ്‌കാരം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മന്ത്രി ഇളവുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വാക്കാലുള്ള ഇളവുകള്‍ സര്‍ക്കുലറായി ഇറങ്ങാത്തതാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശയക്കുഴപ്പത്തിന് കാരണം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ ഇന്നലെ ഇറക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.