കുവൈത്ത് സിറ്റി: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് കടുത്ത ശിക്ഷ നടപടികൾ നേരിടേണ്ടിവരും എന്ന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം. പുതിയ പ്രവാസി റെസിഡന്‍സി കരട് നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് കടുത്ത നടപടി എടുക്കാൻ തയ്യാറായിട്ടുള്ളത്. വിദേശികളുടെ താമസസ്ഥലം, വിസ കച്ചവടം തടയൽ, നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള നിയമങ്ങൾ, താമസ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകൾ എന്നിവയെല്ലാം ഈ പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വിസ കച്ചവടം വഴിയുള്ള റിക്രൂട്ട്മെന്റ് കർശനമായി തടയും, അതോടൊപ്പം 36 ആർട്ടിക്കിളുകൾ അടങ്ങിയ നിയമത്തിൽ പ്രവാസികളുടെ റിക്രൂട്ട്മെന്റ് മുതൽ താമസവും നാടുകടത്തലും അടക്കമുള്ള നടപടികൾക്ക് കൃത്യമായ നിർദേശങ്ങളുമുണ്ട്. രാജ്യത്ത് തുടരുന്ന പ്രവാസികളുടെ വിസ കാലാവധിയും കൃത്യമായി നിരീക്ഷിക്കും. പ്രവാസികളുടെ സന്ദർശന വിസ, സ്ഥിരം വിസ എന്നിവ കാലഹരണപ്പെടുന്ന വിവരം സ്പോൺസർമാർ ആഭ്യന്തര മന്ത്രാലയത്തിൽ അറിയിക്കുകയും വേണം. ഇതോടെ രാജ്യത്ത് പ്രവേശിക്കുന്ന പ്രവാസികളെക്കുറിച്ച് അധികൃതർക്ക് കൃത്യമായ വിവരം ലഭിക്കും.
Also Read: റിയാദിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
പലപ്പോഴായി രാജ്യത്ത് വിവിധ വിസകളിൽ എത്തുന്നവർ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാത്തത് ജനസംഖ്യയിലും തൊഴിൽ മേഖലയിലും പ്രയാസം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഈ വർഷം മൂന്നുമാസ പൊതുമാപ്പ് പ്രഖ്യാപിക്കുകയും നിരവധി പേർ ഇത് ഉപയോഗപ്പെടുത്തുകയുമുണ്ടായി. തുടർന്നും നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ കർശന പരിശോധനകൾ നടന്നു വരികയുമാണ്. പുതിയ നിയമം കൂടി വരുന്നതോടെ അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ ഔദ്യോഗികമായി തന്നെ കടുത്ത നടപടിയുണ്ടാകും. ഇനി ഡിസംബർ അവസാനത്തിൽ പ്രവാസികളുടെ ബയോമെട്രിക് നടപടികൾകൂടി പൂർത്തിയാകുന്നതോടെ കുവൈത്തിലെ സ്വദേശികളെയും പ്രവാസികളെയും കുറിച്ച് പൂർണ വിവരവും അധികൃതർക്ക് ലഭ്യമാകും.