ദില്ലി: എസ് സി എസ്ടി സംവരണത്തിലെ കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎയിലാവശ്യം.ഘടകക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാനാണ് കേന്ദ്രമന്ത്രിസഭായോഗത്തില്‍ ആവശ്യം ഉന്നയിച്ചത്. സംവരണത്തിലെ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിരാഗ് വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദ്ദേശം തള്ളി പട്ടിക വിഭാഗങ്ങളില്‍ മേല്‍ത്തട്ടിപ്പ് സംവരണം നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ തരംതിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവാണ് ചിരാഗ് പാസ്വാന്‍.
പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗ സംവരണത്തിനുള്ളില്‍ ഉപസംവരണത്തിന് അംഗീകാരം നല്‍കികൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. കൂടുതല്‍ അര്‍ഹതയുള്ളവര്‍ക്ക് പ്രത്യേക ക്വാട്ട നല്‍കുന്നത് ഭരണഘടന വിരുദ്ധമല്ലെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റെ വിധി. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്സി-എസ്ടി വിഭാഗക്കാരിലെ അതി പിന്നോക്കക്കാര്‍ക്കായി ഉപസംവരണം ഏര്‍പ്പെടുത്താന്‍ ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കഴിയും. ആറ് ജഡ്ജിമാര്‍ വിധിയോട് യോജിച്ചപ്പോള്‍ ജസ്റ്റിസ് ബേല എം ത്രിവേദി മാത്രമാണ് വിയോജിച്ചത്.
ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാകണം ഇതു നല്‍കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ സംവരണ ക്വോട്ടയില്‍ ഉപസംവരണം പാടില്ലെന്ന 2004 ലെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിയാണ് ഏഴംഗ ബഞ്ച് തിരുത്തിയത്. പഞ്ചാബ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ നല്‍കിയ ഉപസംവരണം സുപ്രീം കോടതി ഇതുവഴി ശരിവെച്ചു.