CMDRF

റിക്കാര്‍ഡോ കലഫിയോറി ആഴ്‌സണലുമായി കരാറിലെത്തി

റിക്കാര്‍ഡോ കലഫിയോറി ആഴ്‌സണലുമായി കരാറിലെത്തി
റിക്കാര്‍ഡോ കലഫിയോറി ആഴ്‌സണലുമായി കരാറിലെത്തി

ലണ്ടന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ പ്രതിരോധതാരം റിക്കാര്‍ഡോ കലഫിയോറി ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലുമായി കരാറിലെത്തി. നീണ്ടകാലത്തേയ്ക്കാണ് താരവുമായുള്ള കരാറെന്ന് ആഴ്‌സണല്‍ പ്രതികരിച്ചു. ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തിലും ക്ലബ് അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഇംഗ്ലീഷ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷത്തേയ്ക്കാണ് കലഫിയോറി ആഴ്‌സണലില്‍ എത്തിയിരിക്കുന്നത്. 54 മില്യണ്‍ ഡോളറാണ് ട്രാന്‍സ്ഫര്‍ തുക.

കലഫിയോറിയെ സ്വാഗതം ചെയ്യുന്നതായി ആഴ്‌സണല്‍ ടീം മാനേജര്‍ മൈക്കല്‍ ആര്‍ട്ടേറ്റ പറഞ്ഞു. താരത്തിന്റെ വരവ് ക്ലബിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നു. കലഫിയോറിയുടെ കഴിവ് വലിയ വിജയങ്ങള്‍ നേടാന്‍ ആഴ്‌സണലിനെ സഹായിക്കും. ഇറ്റലി ദേശീയ ടീമിന് വേണ്ടിയും ബൊലോഗ്‌ന എഫ്സി 1909ന് വേണ്ടിയും താരം മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ആഴ്‌സണലിനൊപ്പം താരത്തിന്റെ കഴിവുകള്‍ ഉയരുമെന്നും ആര്‍ട്ടേറ്റ വ്യക്തമാക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണ് മുമ്പായി ആഴ്‌സണല്‍ തട്ടകത്തിലെത്തിച്ച രണ്ടാമത്തെ പ്രധാനപ്പെട്ട താരമാണ് കലഫിയോറി. മുമ്പ് ബ്രെന്റ്‌ഫോര്‍ഡില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ എത്തിച്ച ഡേവിഡ് റയയെ ആഴ്‌സണല്‍ സ്ഥിരം താരമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ട് പോയിന്റ് അകലെയാണ് ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്.

Top