ജലദോഷത്തിന് പരിഹാരം നെല്ലിക്ക

ജലദോഷത്തിന് പരിഹാരം നെല്ലിക്ക

കാലാവസ്ഥയുടെ മാറ്റം പലപ്പോഴും സീസണല്‍ ഇന്‍ഫ്‌ലുവന്‍സയുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പനി, ജലദോഷം, പേശിവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, തലവേദന, ക്ഷീണം എന്നിങ്ങനെ പല ലക്ഷണങ്ങളോടെയും പ്രത്യക്ഷപ്പെടുന്ന വൈറല്‍ അണുബാധയാണ് ഇന്‍ഫ്‌ലുവന്‍സ. എന്നിരുന്നാലും, ഇന്‍ഫ്‌ലുവന്‍സയുടെ ലക്ഷണങ്ങളെ ചികിത്സിക്കാന്‍ മാത്രമല്ല, ഈ വൈറല്‍ അണുബാധയ്ക്കെതിരെ പോരാടുന്നതിന് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും കഴിയുന്ന ഒരു ഇന്ത്യന്‍ ഫലമുണ്ട് നമ്മുടെ സ്വന്തം നെല്ലിക്ക ഇന്ത്യന്‍ നെല്ലിക്കയില്‍ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് ഈ പകര്‍ച്ചവ്യാധിയുടെ കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. നെല്ലിക്ക നല്‍കുന്ന പ്രധാനപ്പെട്ട ഏഴ് ആരോഗ്യ ഗുണങ്ങള്‍ ഇതാ. വിറ്റാമിന്‍ സിയുടെ ഒരു സമൃദ്ധമായ ഉറവിടമാണ് നെല്ലിക്ക. ഇത് ജലദോഷവും മൂക്കൊലിപ്പും ഒഴിവാക്കുന്നതിന് സഹായിക്കുന്നു. വിപണിയില്‍ ലഭ്യമായ വിറ്റാമിന്‍ സി സപ്ലിമെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി ശരീരം കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആയുര്‍വേദം അനുസരിച്ച്, നെല്ലിക്കയ്ക്ക് ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ഗുണങ്ങള്‍ ഉണ്ട്. ഇവയെല്ലാം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്ക സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, അതിലൂടെ നമ്മുടെ പ്രതിരോധശേഷിയും മെച്ചപ്പെടുന്നു. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഫ്രീ റാഡിക്കലുകളെ ഒഴിവാക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകള്‍ കോശങ്ങളുടെ നാശത്തിനും വിവിധ സുപ്രധാന അവയവങ്ങള്‍ക്ക് കേടുവരുത്തുന്നതിനും കാരണമാകും. ഈ കേടുപാടുകള്‍ തടയാനും ശരീരത്തെ നന്നാക്കാനും നെല്ലിക്കയ്ക്ക് കഴിയും. ഹൃദയ ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാന്‍ നെല്ലിക്കയുടെ പൊടിക്ക് കഴിവുണ്ട്. നെല്ലിക്കയുടെ സത്ത് 12 ആഴ്ച തുടര്‍ച്ചയായി കഴിക്കുന്നത് ശരീരത്തില്‍ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ മൊത്തത്തിലുള്ള കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇവയെല്ലാം ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളായി കണക്കാക്കപ്പെടുന്നതിനാല്‍, ഇത് നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. ചര്‍മ്മത്തെ ആരോഗ്യം നിലനിര്‍ത്താനും വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഏറ്റവും നല്ല പഴങ്ങളില്‍ ഒന്നാണ് നെല്ലിക്ക. നെല്ലിക്കയുടെ ഇലകള്‍ അരച്ച് തലയില്‍ പുരട്ടുന്നത് താരന്‍, നരച്ച മുടി എന്നിവ തടയാന്‍ സഹായിക്കുന്നു. നെല്ലിക്ക രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും അതിനാല്‍ മുടിയുടെ സ്വാഭാവിക വളര്‍ച്ച മെച്ചപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു. മുടിക്ക് സ്വാഭാവിക കണ്ടീഷനിംഗ് നല്‍കുന്നതിനാല്‍ ചിലര്‍ മുടിക്ക് നെല്ലിക്കയുടെ സത്തും ഉപയോഗിക്കാറുണ്ട്. നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ഉള്ളടക്കം നിങ്ങളെ കൂടുതല്‍ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ഇത് ഉപകരിക്കുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് എരിച്ചു കളയുവാന്‍ നെല്ലിക്ക ഫലപ്രദമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദഹന പ്രക്രിയ ലഘൂകരിക്കുന്നതിലൂടെ വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ടാന്നിക് ആസിഡ് നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണം നന്നായി ദഹിപ്പിക്കാന്‍ സഹായിക്കുന്നു, അങ്ങനെ മലബന്ധ പ്രശ്‌നം ഒഴിവാക്കുന്നു. നിരന്തരമായ നെഞ്ചെരിച്ചില്‍ അനുഭവിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പഠനത്തില്‍, നെഞ്ചെരിച്ചിലിന്റെ കാഠിന്യവും ആവൃത്തിയും കുറയ്ക്കുന്നതിന് നാല് ആഴ്ച ഇന്ത്യന്‍ നെല്ലിക്കയുടെ സത്ത് കഴിച്ചത് സഹായിച്ചതായി കണ്ടെത്തുകയുണ്ടായി.

Top