CMDRF

റിങ്കു ലോകകപ്പ് ടീമില്‍ വേണമായിരുന്നു : സ്‌കോട്ട് സ്‌റ്റൈറിസ്

റിങ്കു ലോകകപ്പ് ടീമില്‍ വേണമായിരുന്നു : സ്‌കോട്ട് സ്‌റ്റൈറിസ്
റിങ്കു ലോകകപ്പ് ടീമില്‍ വേണമായിരുന്നു : സ്‌കോട്ട് സ്‌റ്റൈറിസ്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ന്യുസിലാന്‍ഡ് ക്രിക്കറ്റ് കമന്റേറ്റര്‍ സ്‌കോട്ട് സ്‌റ്റൈറിസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഇന്ത്യന്‍ യുവതാരം റിങ്കു സിംഗിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സ്‌റ്റൈറിസിന്റെ വാക്കുകള്‍. മധ്യനിരയില്‍ സ്ഥാനക്കയറ്റം ലഭിച്ച റിങ്കു നാലാമനായാണ് ക്രീസിലെത്തിയത്. ഈ തീരുമാനം ഇഷ്ടമായെന്നും സ്‌റ്റൈറിസ് പറഞ്ഞു.

മത്സരത്തില്‍ പക്ഷേ റിങ്കുവിന് തിളങ്ങാന്‍ കഴിഞ്ഞില്ല. രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത് താരം പുറത്തായി. മൂന്നാം ട്വന്റി 20യില്‍ സൂപ്പര്‍ ഓവര്‍ വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ചിന് 48 എന്ന് തകര്‍ന്നു. പിന്നാലെ ശുഭ്മന്‍ ഗില്‍ 37 പന്തില്‍ 39, റിയാന്‍ പരാഗ് 18 പന്തില്‍ 26, വാഷിംഗ്ടണ്‍ സുന്ദര്‍ 18 പന്തില്‍ 25 തുടങ്ങിയ പ്രകടനങ്ങളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

മറുപടി പറഞ്ഞ ശ്രീലങ്ക നന്നായി തിരിച്ചടിച്ചു. ഒരു ഘട്ടത്തില്‍ ഒന്നിന് 110 എന്ന നിലയില്‍ വിജയത്തിനടുത്തായിരുന്നു ലങ്ക. പക്ഷേ പിന്നീട് എട്ടിന് 137ലേക്ക് വീണു. മൂന്ന് പേര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാന്‍ സാധിച്ചത്. പത്തും നിസങ്ക 26, കുശല്‍ മെന്‍ഡിന്‍സ് 43, കുശല്‍ പെരേര 46 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക രണ്ട് റണ്‍സ് എടുത്തപ്പോഴേയ്ക്കും രണ്ട് വിക്കറ്റുകളും നഷ്ടമാക്കി. സൂര്യകുമാര്‍ യാദവ് ബൗണ്ടറി നേടി ആദ്യ പന്തില്‍ തന്നെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Top