വിശാഖപട്ടണം: തിരിച്ചുവരവിന് ശേഷമുള്ള ആദ്യ അര്‍ദ്ധ സെഞ്ച്വറി നേടി ഫോമിലെത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ റിഷഭ് പന്ത്. ചെന്നൈയ്ക്കെതിരെ നടന്ന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ പന്ത് ഡല്‍ഹിയെ സീസണിലെ ആദ്യ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 32 പന്തില്‍ മൂന്ന് സിക്സും നാല് ബൗണ്ടറിയുമടക്കം 51 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. പന്തിന്റെ ഐക്കോണിക് ഒറ്റക്കൈയ്യന്‍ സിക്സും ഇതില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മത്സരത്തിലെ തന്റെ പ്രകടനത്തെ കുറിച്ച് വികാരാധീനനായി സംസാരിക്കുകയാണ് പന്ത്.
‘ഒരു കൈ കൊണ്ടുള്ള സിക്സ്. ഇങ്ങനെയൊരു സിക്സ് അടിക്കാന്‍ ഒന്നര വര്‍ഷമാണ് ഞാന്‍ കാത്തിരുന്നത്. ക്രിക്കറ്റിലൂടെയാണ് ഞാന്‍ ജീവിതം കെട്ടിപ്പടുത്തത്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ എനിക്ക് ഇനിയും പഠിക്കാനുണ്ട്’, പന്ത് പറഞ്ഞു. ‘എനിക്ക് അധികം ക്രിക്കറ്റ് കളിക്കാനായിരുന്നില്ല. പക്ഷേ മത്സരം മാറ്റാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചു’, പന്ത് കൂട്ടിച്ചേര്‍ത്തു.
ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ 20 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കിയത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. റിഷഭ് പന്തിന്റെ (51) ഇന്നിങ്സിനൊപ്പം ഡേവിഡ് വാര്‍ണര്‍ (52), പൃഥ്വി ഷാ (43), എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും ഡല്‍ഹിക്ക് കരുത്തായത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടാനായത്.വണ്‍ഡൗണായി ഇറങ്ങിയ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഡല്‍ഹിയെ മുന്നോട്ട് നയിച്ചത്. അര്‍ദ്ധസെഞ്ച്വറി നേടിയതിന് പിന്നാലെ 19-ാം ഓവറിലാണ് പന്ത് മടങ്ങിയത്. 32 പന്തില്‍ 51 റണ്‍സെടുത്ത റിഷഭ് പന്തിനെ മതീഷ പതിരാന റുതുരാജ് ഗെയ്ക്വാദിന്റെ കൈകളിലെത്തിച്ചു.