പരാജയ ഉത്തരവാദിത്തം ഏറ്റെടുത്ത് ഋഷി സുനക്

പരാജയ ഉത്തരവാദിത്തം ഏറ്റെടുത്ത് ഋഷി സുനക്
പരാജയ ഉത്തരവാദിത്തം ഏറ്റെടുത്ത് ഋഷി സുനക്

ബ്രിട്ടൻ; ബ്രിട്ടനിൽ 14 വർഷം നീണ്ട കൺസർവേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പൻ ഭൂരിപക്ഷത്തോടെയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. 650 അംഗ പാർലമെന്റിൽ 412 സീറ്റുകളും ലേബർപാർട്ടി നേടി.

കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. വെറും 121 സീറ്റിൽ ഒതുങ്ങിയ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി. പുതിയ പ്രധാനമന്ത്രി മന്ത്രിസഭംഗങ്ങളെ പ്രഖ്യാപിച്ചു.

ഋഷി സുനക്കിനും 14 വർഷം ബ്രിട്ടനെ നയിച്ച കൺസർവേറ്റിവ് പാർട്ടിക്കും ഏറ്റത് പ്രവചിക്കപ്പെട്ടതിനേക്കാൾ വലിയ പരാജയം. മുൻ പ്രധാനമന്ത്രി ലിസ് ട്രസ് അടക്കം നേതാക്കൾ കൂട്ടത്തോടെ തോറ്റു.

ഋഷി സുനക്കിന് റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താനായി എന്നത് മാത്രമാണ് ആശ്വാസം. സാന്പത്തിക പ്രതിസന്ധിയും കുടിയേറ്റ പ്രശ്നവും ആരോഗ്യമേഖലയിലെ വെല്ലുവിളികളും മുഖ്യ ചർച്ചാ വിഷയമായ തെരഞ്ഞെടുപ്പിൽ ഋഷി സുനക് സർക്കാരിന്റെ നയങ്ങളെ ജനം പാടെ തള്ളി. 

പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുനക് പറഞ്ഞു. ഇനി ബ്രിട്ടനെ നയിക്കുക കെയർ സ്റ്റാർമർ ആയിരിക്കും. ഇടത്തരം കുടുംബത്തിൽ നിന്ന് സാഹചര്യങ്ങളോട് പൊരുതി ഉയർന്നുവന്ന ലേബർ പാർട്ടി നേതാവ്. സർക്കാർ ഉണ്ടാക്കാനുള്ള ക്ഷണം ലഭിച്ചതോടെ കെയ്ർ സ്റ്റാർമറം ഭാര്യ വിക്ടോറിയയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തി.

പുതിയ മന്ത്രിസഭംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആംഗല റെയ്നർ ആണ് ഉപപ്രധാനമന്ത്രി. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചാൻസിലറായി റേച്ചൽ റീവ്സ് നിയമിക്കപ്പെട്ടു. രാജ്യത്തിൻറെ സാമ്പത്തിക മേഖലയുടെ ചുമതലയാണ് റേച്ചൽ റീവ്സ്നു ലഭിച്ചിരിക്കുന്നത്.

ഈ നിമിഷം മുതൽ താൻ പ്രവർത്തിച്ചു തുടങ്ങുന്നു എന്നാണു നിയുക്ത പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പ്രഖ്യാപിച്ചത്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്ര വലതുപാർട്ടിയായ റിഫോമ് യുകെ ഉണ്ടാക്കിയ മുന്നേറ്റം ആണ് ഇത്തവണത്തെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു പ്രത്യേകത.

തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധ നേടിയ റിഫോമ് യുകെ നേതാവ് നൈജർ ഫറാഷ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. പാർട്ടി നാല് സീറ്റുകളും നേടി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻ വംശജനും ഹിന്ദു മത വിശ്വാസിയും എന്ന വിശേഷണത്തോടെ ആണ് സുനക് പടിയിറങ്ങുന്നത്. ബ്രിട്ടീഷ് ജനതയുടെ ആശങ്കകളും അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കാൻ ഒന്നും ചെയ്യാനായില്ല എന്നതാണ് ഋഷി സുനകിന് ഇത്ര വലിയ തിരിച്ചടി ഉണ്ടാകാൻ കാരണം.

Top