CMDRF

സ്‌കൂബ ഡൈവര്‍മാര്‍ക്ക് റിസ്‌ക് അലവന്‍സ് മാസം വെറും 500 രൂപ

സ്‌കൂബ ഡൈവര്‍മാര്‍ക്ക് റിസ്‌ക് അലവന്‍സ് മാസം വെറും 500 രൂപ
സ്‌കൂബ ഡൈവര്‍മാര്‍ക്ക് റിസ്‌ക് അലവന്‍സ് മാസം വെറും 500 രൂപ

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മലിനജലത്തില്‍ മനുഷ്യ ജീവനുവേണ്ടി മുങ്ങാം കുഴിയിട്ട സ്‌കൂബ ഡൈവര്‍മാരെ ആരും മറക്കാന്‍ വഴിയില്ല. എന്നാല്‍, സ്വന്തം ജീവന് വിലകല്‍പ്പിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഈ ധീരന്മാര്‍ സര്‍ക്കാരില്‍ നിന്ന് നേരിടുന്നത് കടുത്ത അവഗണനയാണ്. പ്രതിമാസം കേരള ഫയര്‍ ഫോഴ്സിലെ സ്‌കൂബ ഡൈവര്‍ക്ക് റിസ്‌ക് അലവന്‍സ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും 500 രൂപ മാത്രമാണ്. ഡൈവിങ്ങിന് പ്രത്യേക ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും വര്‍ഷങ്ങളായി സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

ഒരു ദിവസം റിസ്‌ക് അലവന്‍സായി ലഭിക്കുന്നത് 16 രൂപ 12 പൈസ മാത്രമാണ്. ഇവര്‍ക്ക് ഡൈവിങ്ങ് ഇന്‍ഷൂറന്‍സോ, സുരക്ഷിതമായ സ്‌കൂബ സ്യൂട്ടുകളോ ഇല്ലാത്ത സ്ഥിതിയാണ്. റിസ്‌ക് അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്ന അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂവിലെ ഒരു ഉദ്യോഗസ്ഥന് പ്രതിമാസം 200 രൂപയാണ് റിസ്‌ക് അലവന്‍സായി ലഭിക്കുന്നത്. ഇത്തരം ജീവനക്കാരുടെ ധീരതയെ സര്‍ക്കാര്‍ ഒട്ടും പരിഗണിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഈ അവഗണന.

ഡൈവിങ്ങിന് പ്രത്യേക ഇന്‍ഷൂറന്‍സ് പരിരക്ഷ ആവശ്യമാണ്. മാലിന്യത്തിലും രാസ ലായനികളിലും രക്ഷാ പ്രവര്‍നത്തിന് ഇറങ്ങുമ്പോള്‍ അപകടം പറ്റാതിരിക്കാന്‍ പ്രത്യേക സ്യൂട്ടും ആവശ്യമാണ്. എന്നാല്‍, ഇവര്‍ രക്ഷാദൗത്യത്തിലേര്‍പ്പെടുമ്പോള്‍ ഉപയോഗിക്കുന്നതാകട്ടെ ഗുണനിലവാരമില്ലാത്ത സ്യൂട്ടുകളാണ്. ആമയിഴഞ്ചാന്‍ അപകടത്തില്‍ സ്‌കൂബ ഡൈവര്‍മാര്‍ മാലിന്യം നിറഞ്ഞ ഓവുചാലില്‍ മണിക്കൂറുകളോളമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ടണലിലെ മാലിന്യം കൈകള്‍ കൊണ്ട് നീക്കിയാണ് ഡൈവര്‍മാര്‍ ജോയിക്കായുള്ള തിരച്ചില്‍ നടത്തിയത്.

Top