കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും വിചാരണക്കോടതിയുടെ പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വേനലവധിക്കു ശേഷം കോടതി ചേരുമ്പോള്‍ കേസ് വീണ്ടും പരിഗണിക്കും.
പ്രതികള്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ജയിലില്‍ തന്നെയായിരുന്നു. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമായിരുന്നതിനാലാണ് ഇതെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിന്‍കുമാര്‍, അഖിലേഷ് എന്നിവരെ ഇക്കഴിഞ്ഞ മാര്‍ച്ച് 30നാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ വെറുതെ വിട്ടത്.
മതവിദ്വേഷത്തെ തുടര്‍ന്ന് 2017 മാര്‍ച്ച് 20ന് മഥൂര്‍ മുഹ്യദ്ദീന്‍ പള്ളിയില്‍ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളാണ് അജേഷും നിതിനും. ഗംഗെ നഗര്‍ സ്വദേശിയാണ് അഖിലേഷ്.