CMDRF

ജാര്‍ഖണ്ഡിലെ ഇന്‍ഡ്യ റാലിയില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സംഘര്‍ഷം

ജാര്‍ഖണ്ഡിലെ ഇന്‍ഡ്യ റാലിയില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സംഘര്‍ഷം
ജാര്‍ഖണ്ഡിലെ ഇന്‍ഡ്യ റാലിയില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സംഘര്‍ഷം

റാഞ്ചി: റാഞ്ചിയില്‍ നടക്കുന്ന ഇന്‍ഡ്യ മുന്നണിയുടെ മഹാറാലിയില്‍ പരസ്പരം പോരടിച്ച് ആര്‍ജെഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആര്‍ജെഡി പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റു. ആര്‍ജെഡി നേതാവ് കെഎന്‍ ത്രിപാഠിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ പരസ്പരം കസേരകള്‍ വലിച്ചെറിയുകയും പതാക കെട്ടിയ വടികള്‍ കൊണ്ട് വീശുകയും ചെയ്തു. നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

ഇന്ന് വൈകുന്നേരത്തോടെയാണ് ഉല്‍ഗുലാന്‍ റാലി എന്ന പേരില്‍ ജാര്‍ഖണ്ഡിലെ പ്രതിപക്ഷ സഖ്യങ്ങള്‍ ഒരുമിച്ച് തിരഞ്ഞെടുപ്പ് മഹാറാലി സംഘടിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ എഎപി നേതാവ് സഞ്ജയ് സിങ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാല്‍ നേരത്തെ തന്നെ പരിപാടിയില്‍ നിന്നും പിന്മാറിയ രാഹുല്‍ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷനും ഇന്‍ഡ്യ മുന്നണി ചെയര്‍മാനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്തു.

അനധികൃമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഭാര്യ കല്പന സോറന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ തുടങ്ങിയവരും വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എന്നാല്‍ മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ വേദിയില്‍ നുഴഞ്ഞുകയറിയതായി ആര്‍ജെഡി നേതാവ് കെഎന്‍ ത്രിപാഠി ആരോപിച്ചു.

Top