തിരുവനന്തപുരം: കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വാഹന യാത്രക്കാർ കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. കാൽനട യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അനുവദിക്കണം. അവർ സീബ്രാലൈനിൽ നിന്നല്ല റോഡ് ക്രോസ് ചെയ്യുന്നതെങ്കിൽ കൂടിയും വാഹനം നിർത്തി റോഡ് മുറിച്ച് കടക്കാൻ അനുവദിക്കുക എന്നതാണ് പ്രധാനം.
അവര് നടന്നാണ് പോകുന്നത്. വാഹന യാത്രക്കാർ വേഗത്തിലാണ് പോകുന്നത്. അതുകൊണ്ട് അവരുടെ സമയത്തിനും വില നൽകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. റോഡിൽ അച്ചടക്കം പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പങ്കുവെച്ച വീഡിയോയിലാണ് മന്ത്രിയുടെ വിശദീകരണം. ‘കാൽനട യാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും കരുതി വേണം വണ്ടി ഓടിക്കാൻ. മറ്റുള്ളവരുടെ ജീവിതം തകർക്കാൻ നമുക്ക് അവകാശമില്ലെന്ന് അടുത്തിടെ സീബ്രാലൈൻ മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തിയ ബസ് ഇടിച്ച് അപകടത്തിൽപ്പെട്ട പെൺകുട്ടി രക്ഷപ്പെട്ട സംഭവം ഓർമ്മിപ്പിച്ച് മന്ത്രി മുന്നറിയിപ്പ് നൽകി.
റോഡിൽ സംഭവിക്കുന്ന ഓരോ മരണവും നശിപ്പിക്കുന്നത് ഒരാളെയല്ല, ഒരു കൂട്ടം ആളുകളെയാണ്. ഒരുപക്ഷേ ഒരു കുടുംബത്തിലെ മുഴുവൻ ആളുകളും ആ അപകടത്തിൽ ഇല്ലാതാകും. അല്ലെങ്കിൽ ആ കുടുംബത്തിന്റെ മുഴുവൻ താളവും തെറ്റും. ഗൃഹനാഥന്റെ മരണമാണെങ്കിൽ താളം തെറ്റും. കുഞ്ഞുമക്കളാണെങ്കിൽ അവരെ വളർത്തി കൊണ്ടുവന്ന അച്ഛനും അമ്മയും തകർന്നുപോകും. പല ദുഃഖങ്ങളും ഉണ്ടാവും. അവർക്ക് മാത്രമല്ല ദുഃഖം. നാളെ ഇത് നിങ്ങൾക്കും വരും.
അതുകൊണ്ട് സൂക്ഷിച്ച് വണ്ടി ഓടിക്കുക. ആദ്യം കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും റോഡിൽ സഞ്ചരിക്കാൻ അനുവദിക്കുക. മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതിരിക്കാൻ പറ്റില്ല. ഇതൊരു പിണക്കമായി എടുക്കേണ്ട. ഈ നിയമം മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. ആ നിയമലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പ് ഒരു കാരണവശാലും അനുവദിക്കില്ല’- മന്ത്രി ഓർമ്മിപ്പിച്ചു