സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ റോഡുകള്‍ സഞ്ചാരയോഗ്യമാക്കും; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ റോഡുകള്‍ സഞ്ചാരയോഗ്യമാക്കും; മന്ത്രി വി ശിവന്‍കുട്ടി
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ റോഡുകള്‍ സഞ്ചാരയോഗ്യമാക്കും; മന്ത്രി വി ശിവന്‍കുട്ടി

തിരുവന്തപുരം: ജൂണ്‍ 15 ഓടെ സ്മാര്‍ട്ട് സിറ്റി റോഡുകള്‍ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ റോഡുകള്‍ സഞ്ചാരയോഗ്യമാക്കും 16 റോഡുകള്‍ പൂര്‍ത്തീകരിച്ചുവെന്നും ഇനി 10 റോഡുകള്‍ ആണുള്ളത് എന്നും അത് 90% പണി പൂര്‍ത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തലസ്ഥാന നഗരിയില്‍ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല പണ്ടും ഇതേ പോലെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. മഴക്കെടുതി ഉണ്ടായ ഇടങ്ങള്‍ പൂര്‍വ്വസ്ഥിതിയില്‍ ആക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂര്‍വ്വ ശുചീകരണം വൈകിയിട്ടില്ല എന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. ചെറിയ കാര്യങ്ങള്‍ വലുതായി കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരുവനന്തപുരത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിലായിരിക്കുകയാണ്. റോഡ് പണിക്കായി കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറഞ്ഞതോടെ ജോലികള്‍ വീണ്ടും ഇഴഞ്ഞു നീങ്ങുകയാണ്. പലയിടത്തും കുഴികളിലെ വെള്ളം വറ്റിക്കാന്‍ തന്നെ മണിക്കൂറുകളെടുക്കുന്നതോടെ ഗതാഗതവും തടസപ്പെടുന്നു. പലയിടത്തും നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.

മാര്‍ച്ച് 31, ഏപ്രില്‍ 30 അങ്ങനെ പല തിയ്യതികള്‍ പറഞ്ഞെങ്കിലും പണി ഇപ്പോഴും ഇഴയുകയാണ്. നഗരത്തിലെ പ്രധാന റോഡുകളായ ആല്‍ത്തറ – ചെന്തിട്ട റോഡ്, കിള്ളിപ്പാലം – അട്ടക്കുളങ്ങര, ജനറല്‍ ആശുപത്രി- വഞ്ചിയൂര്‍ തൈവിള, സഹോദര സമാജം റോഡ് തുടങ്ങിയവ ഇപ്പോഴും കുഴിച്ചിട്ടിരിക്കുകയാണ്. എല്ലാ സ്ഥലത്തും ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം. സ്റ്റാച്യു- ജനറല്‍ ആശുപത്രി റോഡ് അടക്കം തുറന്ന് കൊടുത്തെങ്കിലും പണികള്‍ തീരാത്തത് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യമാണുള്ളത്.

Top